ഷിംല: ഹിമാചൽ പ്രദേശിലെ പോളിംഗിൽ വൻ ഇടിവ്. ഒടുവിൽ വിവരം ലഭിക്കുമ്പോൾ 67 ശതമാനം പോളിംഗാണ് തെരഞ്ഞെടുപ്പിൽ രേഖപ്പെടുത്തിയത്. കഴിഞ്ഞ തവണ 74.17 ശതമാനമായിരുന്നു പോളിംഗ്. പ്രധാനമന്ത്രി നരേന്ദ്രമോദിയടക്കം കാടിളക്കി പ്രചാരണം നടത്തിയിട്ടും പോളിംഗ് കുറഞ്ഞത് പാർട്ടികളെയെല്ലാം ഒരു പോലെ ആശങ്കയിലാക്കിയിരിക്കുകയാണ്.
റെക്കോഡ് പോളിങ്ങാവണമെന്ന് രാവിലെ പ്രധാനമന്ത്രി നരേന്ദ്രമോദി ആഹ്വാനം ചെയ്തിട്ടും ഹിമാചൽ പ്രദേശിൽ സമീപകാലത്തെ ഏറ്റവും കുറഞ്ഞ പോളിങ്ങാണ് ഇത്തവണ രേഖപ്പെടുത്തിയത്. രാവിലെ എട്ട് മണിക്ക് തുടങ്ങിയ വോട്ടെടുപ്പ് അഞ്ചരയ്ക്ക് പൂർത്തിയായി. കഴിഞ്ഞ തവണ കോൺഗ്രസിനെ തുണച്ച സിർമൗർ ജില്ലയിലാണ് കൂടുതൽ പോളിംഗ് 72.79ശതമാനം. ആപ്പിൾ കർഷകർക്ക് നിർണായക സ്വാധീനമുള്ള കിന്നൗറിലാണ് ഏറ്റവും കുറവ് 62 ശതമാനം. കഴിഞ്ഞ തവണ ബിജെപിയെ തുണച്ച ജില്ലകളായ 15 സീറ്റുള്ള കാംഗ്രയും, പത്ത് സീറ്റുള്ള മണ്ഡിയും 60 ശതമാനത്തിന് മുകളിൽ ഭേദപ്പെട്ട പോളിംഗ് രേഖപ്പെടുത്തിയത് പാർട്ടിക്ക് പ്രതീക്ഷ നൽകുന്നു.
21 മണ്ഡലങ്ങളിലെ ബിജെപി വിമതരും , ആംആദ്മി പാർട്ടിയും പിടിക്കുന്ന കിട്ടുന്ന വോട്ട് ഇത്തവണ നിർണായകമാകും. വോട്ടെടുപ്പ് ദിവസവും വിവാദങ്ങൾക്ക് കുറവുണ്ടായില്ല. കോൺഗ്രസ് സ്ഥാനാർത്ഥികൾ തോൽക്കാൻ സാധ്യതയുണ്ടെന്ന തരത്തിൽ പ്രചാരണ ചുമതലയുള്ള രാജീവ് ശുക്ലയുടെ പേരിൽ ബിജെപി വ്യാജ കത്ത് പ്രചരിപ്പിച്ചെന്ന് കോൺഗ്രസ് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി. കാംഗ്രയിലെ ബിജെപി സ്ഥാനാർത്ഥി പണം നൽകി വോട്ടർമാരെ സ്വാധീനിക്കാൻ ശ്രമിച്ചെന്നും കോൺഗ്രസ് പരാതിപ്പെട്ടു. കുറഞ്ഞ പോളിംഗ് ശതമാനം ബിജെപിയെയും കോൺഗ്രസിനെയും ഒരുപോലെ അമ്പരപ്പിച്ചിരിക്കുകയാണ്. ഫലമറിയാന് ഡിസംബർ 8 വരെ കാത്തിരിക്കണം.