ഹിമാചല്‍ പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പ്, വോട്ടെടുപ്പ് ആരംഭിച്ചു

by election

ന്യൂഡല്‍ഹി: ഹിമാചല്‍ പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിനുള്ള വോട്ടെടുപ്പ് തുടങ്ങി.

19 വനിതകള്‍ ഉള്‍പ്പെടെ 338 സ്ഥാനാര്‍ഥികളാണ് മത്സര രംഗത്തുള്ളത്. മുഖ്യമന്ത്രി സ്ഥാനാര്‍ഥികളായ കോണ്‍ഗ്രസിന്റെ വീരഭദ്രസിങ്ങും ബി.ജെ.പിയുടെ പ്രേംകുമാര്‍ ധുമലുമാണ് മത്സരരംഗത്തെ പ്രമുഖര്‍. 50,25,941 വോട്ടര്‍മാരാണ് ഇന്ന് സമ്മതിദാന അവകാശം വിനിയോഗിക്കുക.

കേന്ദ്ര സര്‍ക്കാറിന്റെ നോട്ട് നിരോധനം, ജി.എസ്.ടി നടപ്പാക്കല്‍ എന്നിവ കാരണം സമ്പദ് വ്യവസ്ഥക്കും സാധാരണക്കാര്‍ക്കും വിനോദ സഞ്ചാരം അടക്കമുള്ള മേഖലക്കും ഉണ്ടായ നഷ്ടം ഉയര്‍ത്തിയാണ് കോണ്‍ഗ്രസ് സംസ്ഥാനമെമ്പാടും ബി.ജെ.പിക്ക് എതിരെ പ്രചാരണം നടത്തിയത്.

കോണ്‍ഗ്രസ് സര്‍ക്കാറിന് എതിരെ അഴിമതി, ക്രമസമാധാന തകര്‍ച്ച, വികസനമില്ലായ്മ എന്നിവ ഉയര്‍ത്തിയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി, അമിത് ഷാ, കേന്ദ്ര മന്ത്രിമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ ബി.ജെ.പി പ്രചാരണം കൊഴുപ്പിച്ചത്.

രണ്ടു പാര്‍ട്ടികള്‍ക്കും സാധ്യത കല്‍പിച്ച് ഫലപ്രവചനങ്ങള്‍ വന്നിട്ടുണ്ട്. കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ശുഖ്‌വിന്തര്‍ സിങ്, മുതിര്‍ന്ന ബി.ജെ.പി നേതാവ് രവീന്ദര്‍ രവി, അനില്‍ ശര്‍മ, എ.ഐ.സി.സി സെക്രട്ടറി ആഷാ കുമാര്‍ എന്നിവരാണ് മത്സരരംഗത്തെ മറ്റു പ്രമുഖര്‍.

Top