‘കോൺഗ്രസ് പലസ്തീൻ പ്രമേയത്തിന് പാക്കിസ്ഥാനും താലിബാനുമായി സാമ്യത’; ഹിമന്ത ബിശ്വ ശർമ

ന്യൂഡൽഹി : ഇസ്രയേൽ–ഹമാസ് യുദ്ധത്തിൽ പലസ്തീൻ ജനതയെ പിന്തുണയ്ക്കുന്ന കോൺഗ്രസ് പ്രമേയത്തെ വിമർശിച്ച് ബിജെപി. പാക്കിസ്ഥാന്റെയും താലിബാന്റെയും പ്രസ്താവനകളുമായി സാമ്യമുള്ളതാണു കോൺഗ്രസ് പ്രമേയമെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ ആരോപിച്ചു.

‘‘പാക്കിസ്ഥാന്റെയും താലിബാന്റെയും പ്രസ്താവനകളുമായി മൂന്നു തലത്തിലാണു കോൺഗ്രസ് പ്രമേയത്തിനു സാമ്യതയുള്ളത്. ഹമാസിന്റെ ആക്രമണത്തെ കോൺഗ്രസ് അപലപിച്ചില്ല. ഇസ്രയേലിന് എതിരായ ഭീകരാക്രമണത്തിൽ ഖേദം പ്രകടിപ്പിച്ചില്ല. സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ളവരെ ബന്ദികളാക്കിയതിൽ മൗനം പാലിച്ചു. പ്രീണന രാഷ്ട്രീയത്തിനായി രാജ്യതാൽപര്യം ബലികഴിക്കുന്നത് കോൺഗ്രസിന്റെ ഡിഎൻഎ ആണ്’’– സമൂഹമാധ്യമമായ എക്സിൽ ഹിമന്ത ബിശ്വ ശർമ കുറിച്ചു.

തിങ്കളാഴ്ചയാണു വിഷയത്തിൽ കോൺഗ്രസ് നിലപാട് പ്രഖ്യാപിച്ചത്. ഭൂമി, സ്വയംഭരണം, മാന്യമായ ജീവിതം എന്നിവയ്ക്കു പലസ്തീൻ ജനതയ്ക്കുള്ള അവകാശങ്ങൾക്ക് എക്കാലവും നൽകിയ പിന്തുണ ആവർത്തിക്കുകയാണെന്നും അടിയന്തരമായി വെടിനിർത്തൽ പ്രഖ്യാപിച്ചു ചർച്ചകളിലൂടെ പ്രശ്നങ്ങൾ പരിഹരിക്കണമെന്നും പ്രമേയം ചൂണ്ടിക്കാട്ടി. പ്രമേയത്തിൽ ഏതാനും കോൺഗ്രസ് നേതാക്കൾക്കും അതൃപ്തിയുണ്ടെന്നാണു റിപ്പോർട്ട്.

Top