മുഷിഞ്ഞ വസ്ത്രം ധരിച്ച് പ്ലാറ്റ്‌ഫോമിലിരുന്ന് ഗാനമാലപിച്ചിരുന്ന രാണു മണ്ടലിനെ ഇന്ന് അറിയാത്ത ആരും തന്നെ ഉണ്ടാവില്ല. പശ്ചിമ ബംഗാളിലെ രണാഘട്ട് സ്റ്റേഷന്റെ പ്ലാറ്റ്‌ഫോമിലിരുന്ന് ലോകത്തിന്റെ ഹൃദയം കവര്‍ന്ന സ്ത്രീയുടെ വീഡിയോ നിമിഷനേരം കൊണ്ടാണ് വൈറലായത്.
എന്നാല്‍ ഇപ്പോള്‍ റെയില്‍വേ പ്ലാറ്റ്ഫോമിലിരുന്ന് ലത മങ്കേഷ്‌കറുടെ ‘ഏക് പ്യാര്‍ ക നഗ്മ ഹൈ’;പാടി പേരെടുത്ത ആളേയല്ല രാണു മണ്ടല്‍.ചലച്ചിത്ര പിന്നണി ഗായികയാണ്. സംഗീത സംവിധായകന്‍ ഹിമേഷ് രേഷ്മിയ ചിട്ടപ്പെടുത്തിയ പാട്ടിലൂടെ സിനിമാ പിന്നണി ഗാനരംഗത്ത് രാണു ചുവടുറപ്പിച്ചത്. രേഷ്മിയ തന്നെ പ്രധാനവേഷത്തിലെത്തുന്ന ഹാപ്പി ഹാര്‍ഡി ആന്റ് ഹീര്‍ എന്ന സിനിമയിലൂടെയാണ് രാണുവിന്റെ അരങ്ങേറ്റം.
കഴിഞ്ഞ ദിവസം മുംബൈയില്‍ നടന്ന സിനിമയുടെ ഓഡിയോ ലോഞ്ച് ചടങ്ങില്‍ വികാരാധീനനായാണ് രേഷ്മിയ സംസാരിച്ചത്. കഴിവുള്ളവരെ കണ്ടെത്താന്‍ സാധിച്ചാല്‍ മടികൂടാതെ അവരെ പിന്തുണയ്ക്കണമെന്ന് പറഞ്ഞ രേഷ്മിയ രാണുവനെയും സദസ്സിനെയും നോക്കി പൊട്ടിക്കരഞ്ഞു. അദ്ദേഹത്തിന് ആശ്വാസവാക്കുകളുമായി രാണുവും സഹപ്രവര്‍ത്തകരും രംഗത്ത് വരികയും ചെയ്തു.
രാണു ലതാ മങ്കേഷ്‌കറെ അനുകരിച്ചിട്ടില്ലെന്നും ഒരു സംഗീതപ്രേമി എന്ന നിലയില്‍ അവര്‍ ലത മങ്കേഷ്‌കറിന്റെ ആരാധികയാണെന്നും രേഷ്മിയ പറഞ്ഞു. രാണുവിനെക്കുറിച്ച് ലതാ മങ്കേഷ്‌കര്‍ ഒരഭിമുഖത്തില്‍ പറഞ്ഞ അഭിപ്രായത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
‘എന്റെ പേരുകൊണ്ടോ എന്റെ വര്‍ക്കുകൊണ്ടോ ആര്‍ക്കെങ്കിലും ഉപകാരമുണ്ടായിട്ടുണ്ടെങ്കില്‍ ഞാന്‍ അതില്‍ ഏറെ സന്തോഷിക്കുന്നു. എന്നാല്‍ ഒരാളെ അനുകരിക്കുകയെന്നത് ഒരിക്കലും വിജയത്തിലേക്കുള്ള സ്ഥിരതയുള്ള വഴിയല്ലെന്നാണ് ലതാ മങ്കേഷ്‌കര്‍ പറഞ്ഞത്.
രാണുജീയുടെ പ്രതിഭ ജന്മസിദ്ധമാണ്. ആര്‍ക്കും ലതാജിയാകാന്‍ സാധിക്കുകയില്ല. എന്നാല്‍ ലതാജിയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊള്ളാന്‍ സാധിക്കും. രാണുജി അവരുടെ മനോഹരമായ സംഗീതയാത്ര തുടങ്ങിയിരിക്കുന്നു. എനിക്ക് തോന്നുന്നു ലതാജി പറഞ്ഞത് പലരും തെറ്റിദ്ധരിച്ചുവെന്ന്- രേഷ്മിയ പറഞ്ഞു.