മുഷിഞ്ഞ വസ്ത്രം ധരിച്ച് പ്ലാറ്റ്ഫോമിലിരുന്ന് ഗാനമാലപിച്ചിരുന്ന രാണു മണ്ടലിനെ ഇന്ന് അറിയാത്ത ആരും തന്നെ ഉണ്ടാവില്ല. പശ്ചിമ ബംഗാളിലെ രണാഘട്ട് സ്റ്റേഷന്റെ പ്ലാറ്റ്ഫോമിലിരുന്ന് ലോകത്തിന്റെ ഹൃദയം കവര്‍ന്ന സ്ത്രീയുടെ വീഡിയോ നിമിഷനേരം കൊണ്ടാണ് വൈറലായത്.
സമൂഹമാധ്യമങ്ങളില്‍ തരംഗം സൃഷ്ടിച്ച രാണു മണ്ടലിന്റെ ആദ്യ ബോളിവുഡ് ഗാനം ഇപ്പോള്‍ പുറത്തിറങ്ങിയിരിക്കുകയാണ്. ഹിമേഷ് രേഷ്മിയ ഒരുക്കിയിരിക്കുന്ന ‘തേരി മേരി കഹാനി’ എന്ന ഗാനം ആരാധകര്‍ ഏറ്റെടുത്തു കഴിഞ്ഞു. കൈ നിറയെ അവസരങ്ങളാണ് ഇതിനൊപ്പം രാണുവിനെ തേടിയെത്തികൊണ്ടിരിക്കുന്നത്.
സോണി ടിവി അവതരിപ്പിക്കുന്ന റിയാലിറ്റി ഷോയില്‍ അതിഥിയായി എത്തിയപ്പോഴാണ് തനിക്കൊപ്പം പാടാന്‍ ഹിമേഷ് രേഷ്മിയ രാണുവിനെ ക്ഷണിച്ചത്. കൊല്‍ക്കത്ത, മുംബൈ, കേരളം എന്നിവിടങ്ങളില്‍ നിന്നും എന്തിനേറെ ബംഗ്ലാദേശില്‍ നിന്നുവരെ പരിപാടികള്‍ അവതരിപ്പിക്കാന്‍ അഭ്യര്‍ഥനകള്‍ ലഭിക്കുന്നുണ്ടെന്ന് രാണുവിനെ കണ്ടെത്തിയ എന്‍.ജി.ഒ പ്രവര്‍ത്തകര്‍ പറയുന്നു.
പശ്ചിമ ബംഗാള്‍ സ്വദേശിനിയാണ് രാണു മണ്ടല്‍. മുംബൈ സ്വദേശിയായ ഭര്‍ത്താവിന്റെ മരണത്തെ തുടര്‍ന്ന് നാട്ടിലേക്ക് തിരികെ എത്തുകയായിരുന്നു. തുടര്‍ന്ന് ജീവിക്കാന്‍ വേണ്ടിയാണ് ഇവര്‍ പാട്ടുപാടി തുടങ്ങിയത്. നേരത്തെ, നന്നായി പാടാറുണ്ടായിരുന്നെന്നും എന്നാല്‍ കുടുംബത്തിന്റെ പിന്തുണ ഇല്ലാത്തതിനാല്‍ നിര്‍ത്തുകയായിരുന്നുവെന്നും രാണു പറഞ്ഞു.
ഷോര്‍ എന്ന ചിത്രത്തില്‍ മുകേഷിനൊപ്പം ലതാ മങ്കേഷ്‌കര്‍ പാടി ഹിറ്റാക്കിയ ‘ഏക് പ്യാര്‍ കാ നഗ്മാ ഹേ’ എന്ന ഗാനമാണ് ആരേയും അമ്പരപ്പിക്കുന്ന സ്വരമാധുരിയില്‍ റെയില്‍വേ സ്‌റ്റേഷനിലിരുന്ന് രാണു പാടിയത്. തുടര്‍ന്നാണ് രാണുവിന്റെ ജീവിതം തന്നെ മാറിമറിഞ്ഞത്.