ന്യൂഡല്‍ഹി: റെയില്‍വേ സംബന്ധിച്ച എല്ലാത്തരം അന്വേഷണങ്ങള്‍ക്കുമായി ഹിന്ദ് റെയില്‍ എന്ന പേരില്‍ പുതിയ ആപ്പ് വരുന്നു.
നിലവിലുള്ള എല്ലാ റെയില്‍വേ ആപ്ലിക്കേഷനുകളെയും സംയോജിപ്പിച്ചുകൊണ്ട് ജൂണില്‍ ആപ്പ് നിലവില്‍ വരും.
ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനുകളുടെ തത്സമയ വിവരങ്ങള്‍, റദ്ദാക്കല്‍, ട്രെയിന്‍ എത്തുന്ന പ്ലാറ്റ്‌ഫോം നമ്പര്‍, ബെര്‍ത്തുകളുടെ ലഭ്യത എന്നിങ്ങനെ ട്രെയിനുകളെ സംബന്ധിക്കുന്ന എല്ലാ വിവരങ്ങളും ആപ്ലിക്കേഷനില്‍ ലഭ്യമാകും. ഇതിന് പുറമേ, ടാക്‌സി, പോര്‍ട്ടര്‍ സര്‍വീസ്, ഹോട്ടല്‍, ടൂര്‍ പാക്കേജുകള്‍, ഇ – കേറ്ററിങ് തുടങ്ങി റെയില്‍വേയുമായി ബന്ധപ്പെട്ട മറ്റു സേവനങ്ങളും ആപ്ലിക്കേഷനില്‍ ലഭ്യമാകും.
സേവന ദാതാക്കളുമായി വരുമാനം പങ്കുവയ്ക്കുന്ന തരത്തിലായിരിക്കും റെയില്‍വേയുടെ പുതിയ ആപ്ലിക്കേഷന്‍ പ്രവര്‍ത്തിക്കുക. വര്‍ഷം 100 കോടി വരുമാനം ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ട്രെയിനുകള്‍ വൈകിയോടുന്നത് സംബന്ധിച്ച് കൃത്യമായ വിവരം ലഭിക്കുന്നില്ലെന്ന് വ്യാപകമായ പരാതികള്‍ യാത്രക്കാരുടെ ഭാഗത്തുനിന്ന് റെയില്‍വേയ്ക്ക് ലഭിച്ചിരുന്നു. എന്നാല്‍ ഇത്തരത്തിലുള്ള എല്ലാ പരാതികള്‍ക്കും പുതിയ ആപ്ലിക്കേഷന്‍ വിരാമമിടും എന്ന് റെയില്‍വേ ബോര്‍ഡ് മെമ്പര്‍ മൊഹദ് ജംഷീദ് പറഞ്ഞു.
പുതിയ ആപ്ലിക്കേഷന്‍ നിങ്ങള്‍ക്ക് ട്രെയിന്‍ വിവരങ്ങള്‍ മാത്രമല്ല നല്‍കുന്നത്. നിങ്ങള്‍ക്ക് ട്രെയിന്റെ സഞ്ചാരം സംബന്ധിച്ച മഴുവന്‍ വിവരങ്ങളും ലഭ്യമാക്കുമെന്നും അദ്ദേഹം പറഞ്ഞു.
സിഎംഎസ്, എന്‍ടിഇഎസ് അടക്കം വിവിധ സേവനങ്ങള്‍ക്കായി വ്യത്യസ്ത ആപ്ലിക്കേഷനുകളാണ് ഇപ്പോള്‍ റെയില്‍വേയ്ക്ക് ഉള്ളത്.