ഹിന്ദി വിവാദം; കേന്ദ്രത്തിനെതിരെ ശശി തരൂര്‍

ന്യൂഡല്‍ഹി: വിവാദ പ്രസ്താവന നടത്തിയ ആയുഷ് സെക്രട്ടറിയ്‌ക്കെതിരെയും കേന്ദ്രത്തിനെതിരെയും വിമര്‍ശനവുമായി കോണ്‍ഗ്രസ് എംപി ശശി തരൂര്‍.

‘ഹിന്ദി അറിയാത്തവര്‍ വെബിനാറില്‍ നിന്ന് പുറത്തേക്ക് പോകണമെന്ന് കേന്ദ്രസര്‍ക്കാര്‍ വകുപ്പിലുള്ള ഒരു സെക്രട്ടറി പറയുന്നത് വിചിത്രമായ സംഭവമാണ്. സര്‍ക്കാരിന് എന്തെങ്കിലും മര്യാദ ഉണ്ടെങ്കില്‍ ആയുഷ് വകുപ്പ് സെക്രട്ടറിയെ മാറ്റി തമിഴ്നാട്ടുകാരനായ ഒരു സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥനെ ഈ സ്ഥാനത്തേക്ക് നിയമിക്കണം. ഭിന്നിപ്പിച്ച് രാജ്യത്തിന്റെ ഐക്യം തകര്‍ക്കാന്‍ ശ്രമിക്കുന്ന കൂട്ടരാണ്(ടുകഡെ ടുകഡെ) ഇപ്പോള്‍ അധികാരത്തിലുള്ളത്’ ശശി തരൂര്‍ ട്വീറ്റ് ചെയ്തു.

യോഗ മാസ്റ്റര്‍ ട്രെയിനേഴ്‌സിനായി ആയുഷ് മന്ത്രാലയവും മൊറാര്‍ജി ദേശായി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് യോഗയും ചേര്‍ന്ന് നാച്ചുറോപ്പതി ഡോക്ടര്‍മാര്‍ക്കായി നടത്തിയ ദേശീയ കോണ്‍ഫറന്‍സാണ് ഭാഷാ വിവാദത്തിന്റെ പുതിയ വേദിയായി മാറിയത്. ഓഗസ്റ്റ് 18 മുതല്‍ 20 വരെ രാജ്യമെമ്പാടുമുളള നാചുറോപ്പതി ഡോക്ടര്‍മാര്‍ക്കായി നടത്തിയ വീഡിയോ കോണ്‍ഫറന്‍സില്‍ മുന്നൂറ് പേരാണ് പങ്കെടുത്തത്. ഇവരില്‍ 37 പേര്‍ തമിഴ്‌നാട്ടില്‍ നിന്നുളളവരായിരുന്നു.

ആമുഖ പ്രസംഗം നടത്തുന്നതിനിടെ വൈദ്യ രാജേഷിനോട് ഇംഗ്ലീഷില്‍ സംസാരിക്കാന്‍ പ്രതിനിധികളില്‍ ചിലര്‍ ആവശ്യപ്പെട്ടു. എന്നാല്‍ ഇംഗ്ലീഷ് വേണ്ടവര്‍ക്ക് വെബിനാറില്‍ നിന്ന് പുറത്തു പോകാമെന്നായിരുന്നു സെക്രട്ടറിയുടെ പ്രതികരണം. ഇതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുകയും ചെയ്തു.

Top