ന്യൂഡല്‍ഹി: രാജ്യത്ത് പ്രാദേശിക ഭാഷയ്ക്കും ഇംഗ്ലീഷിനുമൊപ്പം ഹിന്ദിയും പഠിക്കണമെന്നത് നിര്‍ബന്ധിച്ച് നടപ്പിലാക്കില്ലെന്നും ഇത് നിര്‍ദേശം മാത്രമാണെന്നും കേന്ദ്ര സര്‍ക്കാര്‍. ഹിന്ദി ഔദ്യോഗിക ഭാഷയല്ലാത്ത സംസ്ഥാനങ്ങളില്‍ പ്രാദേശിക ഭാഷയ്ക്കും ഇംഗ്ലീഷിനുമൊപ്പം ഹിന്ദിയും പഠിപ്പിക്കണമെന്ന് നിര്‍ദേശിക്കുന്ന കേന്ദ്ര വിദ്യാഭ്യാസ നയത്തിന്റെ പുതിയ കരട് നിയമം വന്നിരുന്നു. ഇതിനെ എതിര്‍ത്ത് തമിഴ്‌നാട് രംഗത്തുവന്നതോടെയാണ് കേന്ദ്രം നിലപാട് വ്യക്തമാക്കിയത്.
തമിഴും ഇംഗ്ലീഷും ഉള്‍പ്പെടെ രണ്ട് ഭാഷകള്‍ മാത്രമെ തമിഴ്‌നാട്ടില്‍ പഠിപ്പിക്കുയുള്ളൂ എന്നും മൂന്നുഭാഷ നയം നടപ്പിലാക്കാന്‍ കഴിയില്ലെന്നും തമിഴ്‌നാട് വിദ്യാഭ്യാസ മന്ത്രി കെ എ ശെങ്കോട്ടയ്യന്‍ അറിയിച്ചിരുന്നു.
എന്നാല്‍ ഹിന്ദി പഠനം നിര്‍ബന്ധമാക്കിയിട്ടില്ലെന്നും ഹിന്ദി ഔദ്യോഗിക ഭാഷയല്ലാത്ത സംസ്ഥാനങ്ങളില്‍ പ്രാദേശിക ഭാഷയ്ക്കും ഇംഗ്ലീഷിനുമൊപ്പം ഹിന്ദി പഠിക്കണമെന്ന നിര്‍ദ്ദേശമാണ് മൂന്നോട്ട് വെച്ചതെന്നും പ്രകാശ് ജാവദേക്കര്‍ വ്യക്തമാക്കി.കുട്ടികള്‍ എല്ലാം ഭാഷകളും പഠിക്കുന്നതിനെ പ്രോത്സാഹിപ്പിക്കുമെന്നും പ്രകാശ് ജാവദേക്കര്‍ പറഞ്ഞു
കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് പ്രകാശ് ജാവദേക്കര്‍ മാനവവിഭവ ശേഷി മന്ത്രിയായിരുന്ന കാലത്താണ് പുതിയ വിദ്യാഭ്യാസ നയത്തിന്റെ കരടിന് രൂപം നല്‍കിയത്. ഹിന്ദി സംസാരിക്കാത്ത സംസ്ഥാനങ്ങളില്‍ ഇംഗ്ലീഷിനൊപ്പം ഹിന്ദിയും പഠിപ്പിക്കണമെന്നും ഹിന്ദി പ്രദേശിക ഭാഷയായുള്ള സംസ്ഥാനങ്ങളില്‍ ഹിന്ദിയുടെ കൂടെ ഇംഗ്ലീഷും മറ്റേതെങ്കിലും മോഡേണ്‍ ഇന്ത്യന്‍ ഭാഷയും പഠിപ്പിക്കണമെന്നും നിര്‍ദ്ദേശിക്കുന്നു.