അരുണ്‍ വിജയ് ചിത്രം ‘തട’ത്തിന്റെ ഹിന്ദി റീമേക്ക് ഒരുങ്ങുന്നു. ആദിത്യ റോയ് കപൂറാണ് ബോളിവുഡ് ചിത്രത്തില്‍ മുഖ്യകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. വര്‍ധന്‍ കേട്കര്‍ ചിത്രം സംവിധാനം ചെയ്യുന്നു.
ടി-സീരീസിന്റെ ബാനറില്‍ ഭൂഷണ്‍ കുമാറും സിനി 1 സ്റ്റുഡിയോസിന്റെ ബാനറില്‍ മുറാദ് ഖേതാനിയുമാണ് ചിത്രം നിര്‍മിക്കുന്നത്.വളരെ ത്രില്ലിങ്ങായുള്ള തിരക്കഥയും അവതരണവുമാണ് തടം എന്ന ചിത്രത്തിന്റേതെന്നും, തമിഴ് ചിത്രത്തിന്റെ ഹിന്ദി പതിപ്പ് ഒരുക്കുന്നതില്‍ വളരെ ആകാംക്ഷയിലാണെന്നും നിര്‍മാതാക്കള്‍ അറിയിച്ചു.
സിനിമയില്‍ വളരെ വ്യത്യസ്തമായ ഇരട്ടവേഷത്തിലാണ് ആദിത്യ റോയ് എത്തുന്നത്. ബോളിവുഡ് ചിത്രത്തിന്റെ ടൈറ്റില്‍ ഇതുവരെയും വെളിപ്പെടുത്തിയിട്ടില്ല.
2019ലാണ് മഗിഴ് തിരുമേനിയുടെ സംവിധാനത്തില്‍ തമിഴ് ചിത്രം തടം റിലീസ് ചെയ്യുന്നത്. അരുണ്‍ വിജയ് നായകനായ ത്രില്ലര്‍ ചിത്രത്തില്‍ റ്റാന്യ ഹോപ്, വിദ്യ പ്രദീപ്, സ്മൃതി വെങ്കട്ട് എന്നിവര്‍ മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിച്ചു.തമിഴ് ചിത്രം പിന്നീട് തെലുങ്കില്‍ റീമേക്ക് ചെയ്തിരുന്നു. റെഡ് എന്ന ടൈറ്റിലില്‍ പുറത്തിറങ്ങിയ ചിത്രത്തില്‍ റാം പൊത്തിനേനിയായിരുന്നു നായകന്‍.