ഹിന്ദി സീരിയല്‍ താരം സമീര്‍ ശര്‍മ്മ മരിച്ച നിലയില്‍

മുംബൈ: ഹിന്ദി സീരിയല്‍ താരം സമീര്‍ ശര്‍മ്മ(44)യെ മരിച്ച നിലയില്‍ കണ്ടെത്തി. വീടിന്റെ അടുക്കളയുടെ സീലിംഗില്‍ തൂങ്ങിമരിച്ച മരിച്ച നിലയിലാണ് സമീറിനെ കണ്ടെത്തിയത്. മുംബൈയിലെ വെസ്റ്റ് മലാഡിലെ നേഹ സിഎച്ച്എസ് ബില്‍ഡിംഗിലെ അപ്പാര്‍ട്ട്‌മെന്റിലാണ് സംഭവം. ബുധനാഴ്ച രാത്രിയോടെയാണ് മൃതദേഹം കണ്ടെടുക്കുന്നത്. രണ്ട് ദിവസം മുമ്പ് തൂങ്ങിമരിച്ചിരിക്കാമെന്നാണ് പൊലീസ് സംശയിക്കുന്നത്.

അപ്പാര്‍ട്ട്‌മെന്റിന്റെ സീലിങ്ങില്‍ മൃതദേഹം തൂങ്ങിക്കിടക്കുന്നതായി വാച്ച്മാനാണ് കണ്ടത്. തുടര്‍ന്ന് ബില്‍ഡിംഗ് സൂപ്പര്‍വൈസറെ വിവരമറിയിക്കുകയായിരുന്നു. ഇയാളാണ് വിവരം പോലീസിനെ അറിയിച്ചത്. എന്നാല്‍ നടന്റെ വീട്ടില്‍ നിന്ന് ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തിട്ടില്ല. സംഭവത്തില്‍ അപകട മരണത്തിന് കേസെടുത്ത മലാഡ് പൊലീസ് ഇതെക്കുറിച്ച് അന്വേഷിച്ച് വരികയാണ്.

ഇക്കഴിഞ്ഞ ഫെബ്രുവരിയിലാണ് സമീര്‍ ഈ അപ്പാര്‍ട്ട്‌മെന്റ് വാടയ്ക്ക് എടുക്കുന്നതെന്നാണ് പൊലീസ് നല്‍കുന്ന വിവരം. ‘യേ റിഷ്‌തേ ഹേ പ്യാര്‍ കി’ എന്ന പരമ്പരയ്ക്ക് പുറമേ കഹാനി ഘര്‍ ഘര്‍ കി, ക്യൂകി സാസ് ഭി കഭി ബഹു തി, ജ്യോതി, ഇസ് പ്യാര്‍ കോ ക്യാ നാം ദു, എന്നീ പ്രമുഖ സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്.

Top