സുജയ പാര്‍വ്വതി ഹിന്ദു ഐക്യവേദി സംസ്ഥാന സമ്മേളനത്തിലെ മുഖ്യപ്രാസംഗിക

തൃശൂർ: ബിഎംഎസ് ചടങ്ങിൽ മോദീഭരണത്തെ പുകഴ്ത്തി സംസാരിച്ചതിൻറെ പേരിൽ 24 ന്യൂസിൽ നിന്നും സസ്പെൻഡ് ചെയ്യപ്പെട്ട മുൻ അസോസിയേറ്റ് എഡിറ്റർ സുജയ പാർവ്വതി ഹിന്ദു ഐക്യവേദിയുടെ സംസ്ഥാന സമ്മേളനത്തിൽ മുഖ്യപ്രാസംഗികയായി എത്തും. ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ ശശികല തന്നെയാണ് തൃശൂർ നടക്കുന്ന സംസ്ഥാന സമ്മേളനത്തിലേക്ക് സുജയ പാർവ്വതിയെ മുഖ്യപ്രാസംഗികയായി സ്വാഗതം ചെയ്തുകൊണ്ടുള്ള ഫേസ്ബുക്ക് പോസ്റ്റ് പങ്കുവെച്ചത്.

ഗോകുലം ഗോപാലൻറെയും ബിഎംഎസിൻറെയും സമ്മർദ്ദഫലമായി സസ്പെൻഷൻ പിൻവലിച്ചതിനെ തുടർന്ന് വാർത്തവായിക്കാൻ 24 ന്യൂസിലേക്ക് തൊട്ടടുത്ത ദിവസം സുജയ മടങ്ങിയെത്തിയത് കാവി നിറത്തിലുളള വസ്ത്രം ധരിച്ചായിരുന്നു. അന്ന് 2.30ന് ഒരൊറ്റ വാർത്താബുള്ളറ്റിൻ മാത്രം വായിച്ച ശേഷം നാടകീയമായി സുജയ തൻറെ രാജി പ്രഖ്യാപിക്കുകയായിരുന്നു. ഇത് 24 ന്യൂസിൻറെ ശ്രീകണ്ഠൻ നായർ ഉൾപ്പെടെയുള്ള കമ്മ്യൂണിസ്റ്റ് മേധാവികളെ ശരിയ്ക്കും ഞെട്ടിച്ചിരുന്നു. താൻ സംഘിയെന്ന് വിളിക്കപ്പെടുന്നുവെങ്കിൽ അതിൽ അഭിമാനം കൊള്ളുന്നുവെന്നും സുജയ പാർവ്വതി ബിഎംഎസ് യോഗത്തിൽ പ്രസ്താവിച്ചിരുന്നു.

ചൊവ്വാഴ്ച തൃശൂരിൽ നടക്കുന്ന ഹിന്ദുഐക്യവേദിയുടെ യോഗത്തിലേക്ക് മുഖ്യപ്രാസംഗികയായാണ് സുജയാ പാർവ്വതിയെ ക്ഷണിച്ചിരിക്കുന്നത്. സ്ത്രീ, സമൂഹം, തുല്ല്യത എന്ന വിഷയത്തെ അധികരിച്ചുള്ള അമൃതംഗമനം വിചാരസദസ്സിലേക്കാണ് സുജയ പാർവ്വതിയെ മുഖ്യപ്രാസംഗികയായി ക്ഷണിച്ചത്. ‘നിലപാടുകളുടെ നായികക്ക് തൃശൂരിലേക്ക് സ്വാഗതമെന്ന പോസ്റ്ററും’ ശശികലയുടെ ഫേസ് ബുക്ക പേജിൽ പങ്കുവച്ചിട്ടുണ്ട്.

Top