ന്യൂഡല്‍ഹി: വളര്‍ന്നുവരുന്ന ഹിന്ദു ദേശീയതയ്‌ക്കെതിരായി വര്‍ധിച്ച ജാഗ്രതയുണ്ടാകണമെന്ന് പ്രമുഖ ചരിത്രകാരനും എഴുത്തുകാരനുമായ രാമചന്ദ്ര ഗുഹ. ഡല്‍ഹിയില്‍ നടന്നുവരുന്ന സാഹിത്യോത്സവത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഹിന്ദു ദേശീയതയെന്നത് രാജ്യത്ത് പുതിയതല്ല. വിഭജനത്തോടെയും രാമ ജന്മഭൂമി പ്രസ്ഥാനത്തോടെയും പെട്ടെന്ന് ഉദയം ചെയ്ത ഒന്നാണ് ഹിന്ദു ദേശീയത. ഇതിന്റെ ആസൂത്രണം ആര്‍എസ്എസായിരുന്നു.
ഹിന്ദു ദേശീയവാദം രാജ്യത്തിന്റെ മതേതര, സാംസ്‌കാരിക, രാഷ്ട്രീയ സങ്കല്‍പ്പത്തെ ഉലച്ചു. ഇന്ത്യന്‍ അവസ്ഥയില്‍ ഇസ്‌ലാം തീവ്രവാദത്തേക്കാള്‍ ഹിന്ദു വര്‍ഗീയതയാണ് അപകടകരമെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ ആഗോളതലത്തില്‍ ഇസ്‌ലാം തീവ്രവാദം ഭീഷണിയാണെന്നും അദ്ദേഹം പറഞ്ഞു.
ഹിന്ദു വര്‍ഗീയത രൂക്ഷമായി കാണാന്‍ കഴിയുന്നത് ചില സംസ്ഥാനങ്ങളില്‍ മാത്രമാണ്. അമിത് ഷായും അസം ഖാനുമാണ് രാജ്യത്തെ ഏറ്റവും അപകടകാരിയായ രാഷ്ട്രീയക്കാര്‍. വലതുപക്ഷ ബുദ്ധിജീവികളെ സൃഷ്ടിക്കാന്‍ കഴിയാതെപോയത് ബിജെപിയുടെ വലിയ പരാജയമാണ്.
ഗുജറാത്തില്‍ ഭരണത്തില്‍ വന്നിട്ട് വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും പാര്‍ട്ടിക്കായി ധിഷണാശാലികളെ സൃഷ്ടിക്കാനായില്ല. ബിജെപിക്കുവേണ്ടി സംസാരിക്കുന്നത് അനുപം ഖേര്‍, പ്രവീണ്‍ തൊഗാഡിയ, സ്മൃതി ഇറാനി തുടങ്ങിയവരാണ്. ആര്‍എസ്എസ് താഴ്ന്ന നിലവാരംപുലര്‍ത്തുന്ന പ്രത്യയശാസ്ത്രക്കാരുടെ കൂട്ടമാണെന്നും അദ്ദേഹം പറഞ്ഞു.