കേരളത്തിലെ യുവാക്കള്‍ക്ക് ത്രിശൂല്‍ ദീക്ഷ നല്‍കുമെന്ന് ഹിന്ദു ഹെല്‍പ്പ് ലൈന്‍ നേതാവ്‌

കൊച്ചി: കേരളത്തിലെ യുവാക്കള്‍ക്ക് ത്രിശൂല്‍ ദീക്ഷ നല്‍കാനൊരുങ്ങി ഹിന്ദു ഹെല്‍പ് ലൈന്‍ നേതാവ് പ്രതീഷ് വിശ്വനാഥ്. ഇദ്ദേഹത്തിന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ്‌ അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. കേരളത്തിലെ ഒരു ലക്ഷം യുവാക്കള്‍ക്കാണ് രാഷ്ട്രീയ ബജ്രംഗ്ദള്‍ വഴി ആയിരം ദിവസം കൊണ്ട് ത്രിശൂല്‍ ദീക്ഷ നല്‍കാന്‍ തീരുമാനിച്ചിരിക്കുന്നത്.

വിശ്വഹിന്ദു പരിഷത്തിന്റെ നേതാവായിരുന്ന പ്രവീണ്‍ തൊഗാഡിയയുടെ നേതൃത്വത്തില്‍ ആരംഭിച്ച ഹിന്ദു ഹെല്‍പ് ലൈനിന്റെ രാഷ്ട്രീയരൂപമായ അന്താരാഷ്ട്രീയ ഹിന്ദു പരിഷത്ത് എന്ന സംഘടനയുടെ നാഷണല്‍ സെക്രട്ടറി എന്ന് പറഞ്ഞു കൊണ്ടാണ് പ്രതീഷ് പോസ്റ്റിട്ടിരിക്കുന്നത്.

ഹിന്ദു ഹെല്‍പ് ലൈന്‍ കേരളത്തില്‍ കലാപങ്ങള്‍ നടത്താന്‍ പദ്ധതിയിട്ടെന്ന വാര്‍ത്തകള്‍ക്ക് പിന്നാലെയാണ് പ്രതീഷ് വിശ്വനാഥിന്റെ പോസ്റ്റ്.

ഹിന്ദു ഹെല്‍പ് ലൈനിന്റെ രാഷ്ട്രീയ സംഘടനയായ അന്താരാഷ്ട്രീയ ഹിന്ദു പരിഷത്തിന്റെ കേരള ഘടക രൂപീകരണത്തോടനുബന്ധിച്ച് കേരളത്തില്‍ വര്‍ഗീയ കലാപങ്ങള്‍ക്കുള്ള ആസൂത്രണങ്ങള്‍ നടന്നുവരുന്നു എന്നതായിരുന്നു വാര്‍ത്ത.

അതോടൊപ്പം, മതപ്രചരണത്തിനായെത്തുന്ന വൈദികര്‍ക്ക് നേരെ അക്രമങ്ങള്‍ അഴിച്ചുവിടുന്നതിനായി നടത്തിയ ഗൂഢാലോചനകളെക്കുറിച്ചും, ശബരിമല വിവാദത്തെ മുതലെടുത്ത് വര്‍ഗീയ ധ്രുവീകരണവും കലാപങ്ങളും നടത്താന്‍ പദ്ധതികള്‍ രൂപീകരിച്ചതായും, മുസ്ലീം സ്ത്രീകളെ ഉന്നം വച്ച് പ്രവര്‍ത്തിക്കാന്‍ സംഘടനക്കകത്ത് പ്രത്യേക വിഭാഗത്തെ ചുമതലപ്പെടുത്തിയതായും വാര്‍ത്തകളുണ്ടായിരുന്നു. ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയ ഹെല്‍പ് ലൈന്‍ പ്രവര്‍ത്തകനെതിരെ സംഘടന രംഗത്തു വന്നിരുന്നു. ഇയാള്‍ ജിഹാദി സംഘടനകളില്‍ നിന്നും പ്രതിഫലം പിന്‍പറ്റിയാണ് ഹിന്ദു ഹെല്‍പ് ലൈനില്‍ നുഴഞ്ഞുകയറിയതെന്നും ഇയാള്‍ക്ക് പാക്കിസ്ഥാന്‍ ബന്ധമുണ്ടെന്നും ആരോപിച്ച് ഹിന്ദു ഹെല്‍പ് ലൈന്‍ രംഗത്ത് വന്നു.

Top