ലഖ്നൗ: ലഖ്നൗവിൽ ആരംഭിച്ച ലുലുമാളിനെതിരെ ഹിന്ദുമഹാസഭയുടെ വൻ പ്രതിഷേധം. പ്രതിഷേധത്തെ തുടർന്ന് ഭാരവാഹികളെ പൊലീസ് കസ്റ്റഡിയിലെടുത്തു. സ്ഥലത്ത് വൻ സുരക്ഷാ സന്നാഹമാണ് പൊലീസ് ഒരുക്കിയിരിക്കുന്നത്. ചിലർ മാളിനുള്ളിൽ നമസ്കരിച്ചെന്ന ആരോപണത്തിന് പിന്നാലെയാണ് വിവാദമുണ്ടായത്. ശനിയാഴ്ച ലഖ്‌നൗവിലെ ലുലു മാളിന് പുറത്ത് ഹിന്ദു മഹാസഭാ പ്രവർത്തകർ പ്രതിഷേധവുമായെത്തി.
കാവി പതാകകൾ ഉയർത്തി, മുദ്രാവാക്യങ്ങൾ മുഴക്കിയാണ് പ്രവർത്തകർ എത്തിയത്. മാളിന്റെ പുറത്ത് കനത്ത പൊലീസ് വിന്യാസവും ബാരിക്കേഡുകളും പ്രതിഷേധക്കാരെ നേരിടാൻ സജ്ജമാക്കിയിരുന്നു. കഴിഞ്ഞ ദിവസം ലുലു മാളിന്റെ പ്രവേശന കവാടത്തിന് പുറത്ത് സുന്ദർ കാണ്ഡം പാരായണം ചെയ്തതിന് നാല് പേരെ അറസ്റ്റ് ചെയ്തിരുന്നു. സെക്ഷൻ 144 ലംഘിച്ചതിന് ഇവരെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. ഞായറാഴ്ചാണ് ലഖ്‌നൗവിലെ ലുലു മാൾ മുഖ്യമന്ത്രി യോഗി ആദിത്യനാഥാണ് ഉദ്ഘാടനം ചെയ്തത്.