ന്യൂഡല്‍ഹി: പൗരത്വ നിയമ ഭേദഗതിക്കെതിരെ ജാമിയ മിലിയ വിദ്യാര്‍ത്ഥികള്‍ നടത്തിയ ലോങ്ങ് മാര്‍ച്ചിന് നേരെ വെടിയുതിര്‍ത്ത വിദ്യാര്‍ത്ഥിയെ ആദരിക്കാനൊരുങ്ങി ഹിന്ദു മഹാസഭ. ഗാന്ധിയെ വെടിവെച്ച് കൊലപ്പെടുത്തിയ നാഥുറാം വിനായക് ഗോഡ്‌സെയെപ്പോലെ യഥാര്‍ത്ഥ രാജ്യസ്‌നേഹിയാണ് ജാമിയയില്‍ സമരക്കാര്‍ക്ക് നേരെ വെടിവെച്ച വിദ്യാര്‍ത്ഥിയെന്നും അവനെയോര്‍ത്ത് അഭിമാനിക്കുന്നുവെന്നും ഹിന്ദുമഹാസഭ വക്താവ് അശോക് പാണ്ഡെ പറഞ്ഞു. രാജ്യവിരുദ്ധരെ നിശബ്ദമാക്കാനാണ് അവന്‍ ശ്രമിച്ചതെന്നും ഹിന്ദുമഹാസഭ വക്താവ് പറഞ്ഞു.
കൊലപാതകവും രാജ്യത്തിന്റെ താല്‍പര്യം സംരക്ഷിക്കാനുള്ള കൊലപാതകവും നിയമപരമായി പോലും വ്യത്യാസമുണ്ട്. പ്രക്ഷോഭകര്‍ക്ക് നേരെ വെടിവെച്ച വിദ്യാര്‍ത്ഥിക്ക് നിയമ സഹായം നല്‍കും. അവനെ ആദരിക്കുന്ന പരിപാടി സംഘടിപ്പിക്കും. ഷര്‍ജീല്‍ ഇമാമിനെപ്പോലുള്ള അലിഗഢ് യൂണിവേഴ്‌സിറ്റിയിലെയും ജെഎന്‍യുവിലെയും രാജ്യദ്രോഹികളെ വെടിവെച്ച് കൊല്ലണമെന്നും ഹിന്ദുമഹാസഭ വക്താവ് പറഞ്ഞു.
അതേസമയം വിദ്യാര്‍ത്ഥികള്‍ നടത്തിയ ലോങ്ങ് മാര്‍ച്ചിന് നേരെ വെടിയുതിര്‍ത്ത അക്രമി ബജ്‌റംഗദള്‍ പ്രവര്‍ത്തകനെന്ന് പൊലീസ് പറഞ്ഞു. സ്വന്തം ഇഷ്ടപ്രകാരമാണ് ജാമിയയില്‍ പോയതെന്നും തോക്ക് നല്‍കിയത് സുഹൃത്താണെന്നും പ്രതി പൊലീസിനോട് വെളിപ്പെടുത്തി. ഇയാള്‍ക്കെതിരെ കൊലപാതക ശ്രമത്തിന് കേസെടുക്കുമെന്ന് പൊലീസ് അറയിച്ചു. ആയുധ നിയമപ്രകാരമുള്ള കുറ്റങ്ങളും കൗമാരക്കാരന്റെ പേരില്‍ ചുമത്തിയിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് പ്രതിയുടെ കുടുംബാംഗങ്ങളെയും ചോദ്യം ചെയ്യും.
അതേസമയം പിടിയിലായ പ്രതിക്ക് പ്രായപൂര്‍ത്തിയിട്ടില്ലെന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുന്ന സാഹചര്യത്തില്‍ ഇയാളുടെ പ്രായപരിശോധന നടത്തുമെന്ന് പൊലീസ് വ്യക്തമാക്കി.
ജാമിയ വിദ്യാര്‍ത്ഥികളുടെ ലോങ്ങ് മാര്‍ച്ചിന് നേരെ അക്രമി വെടിയുതിര്‍ത്ത സംഭവം അന്വേഷിക്കാന്‍ ഡല്‍ഹി പൊലീസ് പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു. സ്‌പെഷ്യല്‍ പൊലീസ് കമ്മീഷണര്‍ പര്‍വേശ് രഞ്ജന്റെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷിക്കുന്നത്.
വ്യാഴാഴ്ച ഉച്ചയ്ക്ക് പൗരത്വ നിയമഭേദഗതിക്കെതിരെ ജാമിയ വിദ്യാര്‍ത്ഥികള്‍ രാജ്ഘട്ടിലേക്ക് നടത്തിയ ലോങ്ങ് മാര്‍ച്ചിന് നേരെയാണ് അക്രമി വെടിയുതിര്‍ത്തത്. രാജ്ഘട്ടിലേക്കുള്ള ലോങ്ങ് മാര്‍ച്ച് സര്‍വകലാശാല കവാടം പിന്നിട്ടതിന് തൊട്ടുപിന്നാലെയായിരുന്നു സംഭവം. ‘ആര്‍ക്കാണ് ഇവിടെ സ്വാതന്ത്ര്യം വേണ്ടത്, താന്‍ തരാം സ്വാതന്ത്യം’ എന്ന് ആക്രോശിച്ചു കൊണ്ട് വിദ്യാര്‍ത്ഥികള്‍ക്ക് നേരെ വെടിവെയ്ക്കുകയായിരുന്നു.