ന്യൂഡല്‍ഹി: ഇന്ത്യയുമായി ഒരു യുദ്ധമുണ്ടായാല്‍ അതിന് കാരണം ഹിന്ദുത്വവല്‍ക്കരണമായിരിക്കുമെന്ന് ചൂണ്ടിക്കാട്ടി ചൈനയുടെ ഔദ്യോഗിക മാധ്യമമായ ഗ്ലോബല്‍ ടൈംസ് രംഗത്ത്.
ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും അദ്ദേഹത്തിന്റെ പാര്‍ട്ടിയും തിരഞ്ഞെടുപ്പിനെ നേരിട്ടത് രാജ്യത്തിന്റെ ഹൈന്ദവ- ദേശീയ വികാരങ്ങള്‍ മുതലെടുത്തായിരുന്നു എന്നും ലേഖനത്തില്‍ ആരോപിക്കുന്നു.
നയതന്ത്രതലത്തില്‍ പാക്കിസ്ഥാന്‍, ചൈന തുടങ്ങിയ രാജ്യങ്ങളോട് ഇന്ത്യ നിലപാടു കടുപ്പിക്കുകയാണ്. ഇന്ത്യയിലെ ഹിന്ദുത്വവാദികളുടെ ആവശ്യപ്രകാരമാണ് അതിര്‍ത്തിയില്‍ നിരന്തരം പ്രശ്‌നങ്ങളുണ്ടാക്കുന്നതെന്നും ചൈനീസ് മാധ്യമം ആരോപിച്ചു.
രാജ്യത്ത് മതത്തില്‍ അധിഷ്ഠിതമായ ദേശീയത തീവ്രമായിട്ടും മോദി സര്‍ക്കാര്‍ ഇതിനെതിരെ യാതൊരു നടപടികളുമെടുത്തിട്ടില്ലെന്നും 2014ല്‍ മോദി അധികാരത്തിലെത്തിയശേഷം മുസ്‌ലിംകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ വര്‍ധിച്ചതായും ഗ്ലോബല്‍ ടൈംസ് കുറ്റപ്പെടുത്തി.
ദേശീയ ശക്തിയുടെ കാര്യത്തില്‍ ചൈന ഇന്ത്യയേക്കാള്‍ ഏറെ മുന്നിലാണ്. എന്നാല്‍ ഇന്ത്യയിലെ രാഷ്ട്രീയക്കാര്‍ ഇത് അംഗീകരിക്കാന്‍ തയ്യാറല്ല.
മതഭീകരത ചൈന- ഇന്ത്യ പ്രശ്‌നങ്ങളില്‍ കൂട്ടിക്കലര്‍ത്തരുതെന്നും മറിച്ചാണെങ്കില്‍ അത് ഇരുരാജ്യങ്ങളേയും യുദ്ധത്തിലേക്ക് നയിക്കുമെന്നും ലേഖനത്തിലൂടെ ചൈന മുന്നറിയിപ്പ് നല്‍കി.
1962 ലെ ഇന്ത്യാ- ചൈന യുദ്ധത്തില്‍ ഇന്ത്യ പരാജയപ്പെട്ടത് മുതല്‍ ചൈനയുമായി ഇടപഴകുമ്പോള്‍ പൂജ്യം മാനസികാവസ്ഥയാണ് പല ഇന്ത്യക്കാര്‍ക്കെന്നും ചൈനയുടെ വികസനം ഇന്ത്യ ഭയപ്പാടോടെയാണ് നോക്കിക്കാണുന്നതെന്നും ലേഖനത്തില്‍ വ്യക്തമാക്കുന്നു.
മുന്‍കാലങ്ങളില്‍ നിന്ന് വ്യത്യസ്തമായി ഇന്ത്യയ്ക്ക് മുന്നില്‍ ദോക് ലാമില്‍ പ്രതിരോധത്തിലായ സാഹചര്യത്തിലാണ് പുതിയ ആരോപണവുമായി ചൈന ഇപ്പോള്‍ രംഗത്ത് വന്നിരിക്കുന്നത്.