ജമ്മു: മാനസിക രോഗിയായ ഒരാള്‍ ജമ്മുവിലെ പുരാതന ക്ഷേത്രം അശുദ്ധമാക്കിയെന്നും ക്ഷേത്രം നശിപ്പിക്കാന്‍ ശ്രമിച്ചുവെന്നും ആരോപിച്ച് നഗരത്തില്‍ പൊട്ടിപ്പുറപ്പെട്ട പ്രശ്‌നങ്ങള്‍ സംഘര്‍ഷാവസ്ഥയിലെത്തി. പ്രശ്‌നത്തെത്തുടര്‍ന്ന് പ്രദേശത്തെ മൊബൈല്‍, ഇന്റര്‍നെറ്റ് ബന്ധങ്ങള്‍ പൊലീസ് വിച്ഛേദിച്ചു.
രൂപ് നഗറിലെ ഒരു പുരാതന ക്ഷേത്രം അശുദ്ധിവരുത്തി വന്‍ നാശനഷ്ടങ്ങളുണ്ടാക്കി എന്ന് ആരോപിച്ചാണ് ഇന്നലെയാണ് നഗരത്തില്‍ പ്രതിഷേധം പൊട്ടിപ്പുറപ്പെട്ടത്.
മുന്‍കരുതല്‍ എന്ന നിലയ്ക്കാണ് മൊബൈല്‍ ഇന്റര്‍നെറ്ര് ബന്ധങ്ങള്‍ താത്കാലികമായി വിച്ഛേദിച്ചത്. പ്രശ്‌നങ്ങള്‍ സമാധാനപരമാകും വരെ മാത്രമായിരിക്കും ഈ നടപടിയെന്ന് ജമ്മു ഡപ്യൂട്ടി കമ്മീഷണര്‍ സിമ്രന്‍ദീപ് സിങ് പറഞ്ഞു. കഴിഞ്ഞ ദിവസം രാത്രി മുഴുവനും പൊലീസ് സംഘര്‍ഷാവസ്ഥ നീരീക്ഷിക്കുകയായിരുന്നുവെന്നും കൂടുതല്‍ പ്രശ്‌നങ്ങള്‍ ഉണ്ടാകാതിരിക്കാനാണ് ഇന്റര്‍നെറ്റ് ബന്ധങ്ങള്‍ വിച്ഛേദിച്ചതെന്നും അദ്ദേഹം പറഞ്ഞു.
സംഘര്‍ഷം വൈകുന്നേരത്തോടുകൂടി ശാന്തമാവുകയാണെങ്കില്‍ ഉടനടി ഇന്റര്‍നെറ്റ് ബന്ധങ്ങള്‍ പുനഃസ്ഥാപിക്കുമെന്നും അദ്ദേഹം പറഞ്ഞു. പ്രതികൂലമായ ഏത് സാഹചര്യത്തെയും നേരിടാനായി പൊലീസ് സേനയെ പ്രദേശത്താകെ വിന്യസിച്ചിരിക്കുകയാണ്.
മൂന്ന് വാഹനങ്ങളാണ് അക്രമികള്‍ ചൊവ്വാഴ്ച രാത്രി അഗ്‌നിക്കിരയാക്കിയത്. ക്ഷേത്രം നശിപ്പിക്കാന്‍ ശ്രമിച്ചുവെന്ന് പറയപ്പെടുന്ന വ്യക്തിയെ പൊലീസ് അറസ്റ്റുചെയ്തു