ചരിത്രം തിരുത്തിയെഴുതാന്‍ സുനിത; പാക്ക് തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന ആദ്യ ഹിന്ദു വനിത

കറാച്ചി: ചരിത്രത്തില്‍ ഇടം നേടി പാക്കിസ്ഥാനിലെ ഹിന്ദു വനിത സുനിത പമാര്‍. പാക്കിസ്ഥാനില്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന ആദ്യ ഹിന്ദു വനിതയാണ് സുനിത.

ജുലൈ 25നു നടക്കാന്‍ പോകുന്ന അസംബ്ലി തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനു വേണ്ടിയാണ് സുനിത പമാര്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചിരിക്കുന്നത്. പാക്കിസ്ഥാനിലെ ഹിന്ദു ഭൂരിപക്ഷ പ്രദേശമായ തര്‍പാര്‍ക്കര്‍ ജില്ലയിലെ സിന്ധ് മണ്ഡലത്തില്‍ നിന്നു സ്വതന്ത്ര സ്ഥാനാര്‍ഥിയായാണ് സുനിത മത്സരിക്കുന്നത്.

അടിസ്ഥാന സൗകര്യങ്ങള്‍ പോലുമില്ലാതെയാണ് ഈ 21-ാം നൂറ്റാണ്ടിലും സിന്ധ് മേഖലയിലെ ജനങ്ങള്‍ ജീവിക്കുന്നതെന്നം, കഴിഞ്ഞ കാലങ്ങളില്‍ സ്ത്രീകളെ അബലകളായാണ് കണക്കാക്കിയിരുന്നതെന്നും, എന്നാല്‍ ഇക്കാലത്ത് സിംഹത്തിനെതിരെ പോരാടാന്‍ പോലും സ്ത്രീകള്‍ക്ക് സാധ്യമാണെന്നും, തിരഞ്ഞെടുപ്പില്‍ വിജയിക്കുമെന്ന ഉറച്ച ആത്മവിശ്വാസം തനിക്കുണ്ടെന്നും സുനിത വ്യക്തമാക്കി.

മാത്രമല്ല, വിദ്യാഭ്യാസം നേടിയാല്‍ മാത്രമേ സ്ത്രീകള്‍ക്കു മുന്‍നിരയിലേക്കു വരാനാകൂ, അതിനാല്‍ താന്‍ വിജയിച്ചാല്‍ സ്ത്രീകളുടെ വിദ്യാഭ്യാസത്തിനായിരിക്കും കൂടുതല്‍ പ്രാധാന്യം നല്‍കുകയെന്നും സുനിത പറഞ്ഞു.

Top