പിതാവിന്റെ സ്വത്തില്‍ ഹിന്ദു സ്ത്രീകള്‍ക്കും തുല്യാവകാശം; സുപ്രീം കോടതി

ന്യൂഡല്‍ഹി: ഹിന്ദു കുടുംബത്തിലെ പാരമ്പര്യ സ്വത്തിന് സ്ത്രീകള്‍ക്കും തുല്യ അവകാശമുണ്ടെന്ന് സുപ്രീം കോടതി. അച്ഛന്‍ ജീവനോടെയുള്ള പെണ്‍മക്കള്‍ക്ക് മാത്രം സ്വത്തില്‍ അവകാശം ഉണ്ടായിരുന്ന പഴയ വിധിയാണ് സുപ്രീം കോടതി തിരുത്തിയത്.

2005 സെപ്റ്റംബറില്‍ നിയമം നിലവില്‍ വന്ന കാലം മുതല്‍ തന്നെ സ്വത്തില്‍ അവകാശമുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി. ജസ്റ്റീസ് അരുണ്‍ മിശ്ര അധ്യക്ഷനായ മൂന്നംഗ ബെഞ്ചിന്റേതാണ് സുപ്രധാന വിധി. ജസ്റ്റീസുമാരായ അബ്ദുള്‍ നസീര്‍, എം.ആര്‍ ഷാ എന്നിവരായിരുന്നു മറ്റ് അംഗങ്ങള്‍.

പിതാവിന്റെ സ്വത്തിന് മകനൊപ്പം മകള്‍ക്കും തുല്യ അവകാശമുണ്ട്. മകള്‍ ജീവിതകാലം മുഴുവനും സ്‌നേഹമുള്ള മകളായിരിക്കും. അച്ഛന്‍ ജീവിച്ചിരിപ്പുണ്ടോ എന്നത് പരിഗണിക്കാതെ മകള്‍ക്ക് സ്വത്തില്‍ അവകാശമുണ്ടെന്ന് ജസ്റ്റീസ് അരുണ്‍ മിശ്ര പറഞ്ഞു.

ജീവിച്ചിരിക്കുന്നതോ മരിച്ചതോ ആയ മകള്‍ക്ക് അവളുടെ പിതാവിന്റെ സ്വത്തില്‍ അര്‍ഹതയുണ്ട്. 2005 ലെ ഹിന്ദു പിന്തുടര്‍ച്ച നിയമ ഭേദഗതിയുടെ തീയതിയില്‍ മകള്‍ ജീവിച്ചിരുന്നില്ലെങ്കിലും, അവരുടെ കുട്ടികള്‍ക്ക് അവരുടെ ഭാഗം അവകാശപ്പെടാം എന്നും ഉത്തരവില്‍ പറയുന്നു.

Top