കശ്മീരില്‍ ഹിന്ദുക്കളെ ന്യൂനപക്ഷമായി പരിഗണിച്ചിട്ടില്ലെന്ന് സര്‍ക്കാര്‍ സുപ്രീംകോടതിയില്‍

കശ്മീര്‍: ജമ്മുകശ്മീരില്‍ ഹിന്ദുക്കളെ ന്യൂനപക്ഷമായി പരിഗണിച്ചിട്ടില്ലെന്ന് പി.ഡി.പി-ബി.ജെ.പി സഖ്യ സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ അറിയിച്ചു.

കേന്ദ്ര സര്‍ക്കാറിന്റെ പട്ടിക പ്രകാരമാണ് ന്യൂനപക്ഷങ്ങളെ അംഗീകരിക്കുന്നതെന്നും കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ സംസ്ഥാന സര്‍ക്കാര്‍ വ്യക്തമാക്കി.

ഹിന്ദുക്കളെ കശ്മീരിലും മറ്റ് ഏഴ് സംസ്ഥാനങ്ങളിലും ന്യൂനപക്ഷമായി പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ നല്‍കിയ ഹര്‍ജിക്ക് വിശദീകരണം നല്‍കുകയായിരുന്നു സര്‍ക്കാര്‍.

കേന്ദ്ര പദ്ധതികളുടെ ഗുണഫലം കേന്ദ്രം നിര്‍ദേശിച്ച യോഗ്യതയും ആവശ്യവുമുള്ളവര്‍ക്ക് മാത്രമാണ് ലഭ്യമാവുക. 1993ല്‍ കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കിയ ന്യൂനപക്ഷ പട്ടികയില്‍ മുസ്ലീംങ്ങള്‍, സിക്കുകാര്‍, ക്രിസ്ത്യാനികള്‍, ബുദ്ധമത വിശ്വാസികള്‍, പാഴ്‌സികള്‍ എന്നിവരുണ്ട്.

2014ല്‍ ജൈന മതസ്ഥരെയും ഉള്‍പ്പെടുത്തി. ഹിന്ദുക്കളെ ന്യുനപക്ഷമായി കേന്ദ്രം അംഗീകരിച്ചിട്ടില്ലാത്തതിനാല്‍ സമൂഹത്തിലെ അംഗങ്ങള്‍ ഇത്തരം പദ്ധതികള്‍ക്ക് അര്‍ഹരല്ലെന്നും സത്യവാങ്മൂലത്തില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

ന്യൂനപക്ഷങ്ങളുടെ വികസനത്തിനായുള്ള കേന്ദ്രസര്‍ക്കാറിന്റെ പദ്ധതികള്‍ക്ക് ജമ്മുകശ്മീര്‍, മിസോറാം, നാഗാലാന്റ്, മേഘാലയ, പഞ്ചാബ്, ലക്ഷദ്വീപ് എന്നീ സംസ്ഥാനങ്ങള്‍ക്കായി പുറപ്പെടുവിച്ച വിജ്ഞാപന പ്രകാരമുള്ളവരാണ് അര്‍ഹര്‍. പട്ടികയിലെ ന്യൂനപക്ഷങ്ങള്‍ ഭൂരിപക്ഷമായിട്ടുണ്ടെങ്കില്‍ അവര്‍ക്കുള്ള വിഹിതം മറ്റുള്ളവര്‍ക്കായി നീക്കിവെക്കുവെക്കുമെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.

Top