അമേഠി: ഹിന്ദു – ഹിന്ദുത്വവാദി തര്‍ക്കത്തില്‍ വീണ്ടും ഇടപ്പെട്ട് രാഹുല്‍ ഗാന്ധി. ഹിന്ദുത്വവാദി ഗംഗയില്‍ ഒറ്റയ്ക്ക് കുളിക്കുമ്പോള്‍ ഹിന്ദു ആയിരങ്ങള്‍ക്കൊപ്പം ഗംഗയില്‍ കുളിക്കുമെന്ന് രാഹുല്‍ പറഞ്ഞു. അമേഠിയിലെ തിരഞ്ഞെടുപ്പ് യോഗത്തില്‍ സംസാരിക്കുമ്പോഴായിരുന്നു രാഹുല്‍ ഗാന്ധി പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഉദ്ദേശിച്ച് ഈ പരാമര്‍ശം നടത്തിയത്.
2019ലെ കുംഭ മേളയുടെ അവസരത്തില്‍ മോദി ഒറ്റയ്ക്ക് പുണ്യനദിയായ ഗംഗയില്‍ കുളിക്കാനിറങ്ങിയ ചിത്രങ്ങളെ ഉദ്ദേശിച്ചാണ് കോണ്‍ഗ്രസ് നേതാവ് ഇങ്ങനെ പറഞ്ഞത്. തന്റെ ജീവിതത്തില്‍ ആദ്യമായാണ് ഒരാള്‍ ഗംഗയില്‍ ഒറ്റയ്ക്ക് കുളിക്കുന്നത് കാണുന്നതെന്നും യു പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെയും പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗിനെയും വരെ മോദി ഒഴിവാക്കി കളഞ്ഞെന്നും രാഹുല്‍ സൂചിപ്പിച്ചു.
സത്യത്തിന്റെ പാത പിന്തുടരുന്ന വ്യക്തിയാണ് ഹിന്ദുവെന്നും അയാള്‍ ഒരിക്കലും ഭയത്തിന് മുന്നില്‍ അടിയറവ് പറയില്ലെന്നും രാഹുല്‍ പറഞ്ഞു. ഹിന്ദു ഒരിക്കലും തന്റെ ഭയത്തെ അക്രമം, വെറുപ്പ്, ദേഷ്യം എന്നീ അവസ്ഥകളിലേക്ക് കടക്കാന്‍ അനുവദിക്കില്ലെന്നും മഹാത്മാ ഗാന്ധി ഇതുപോലെ ആയിരുന്നുവെന്നും രാഹുല്‍ സൂചിപ്പിച്ചു.
മഹാത്മാ ഗാന്ധി തന്റെ ജീവിതകാലം മുഴുവന്‍ സത്യത്തെ മനസിലാക്കാന്‍ ശ്രമിച്ചു കൊണ്ടിരുന്നപ്പോള്‍ ഹിന്ദുത്വവാദിയായ ഗോഡ്‌സെക്ക് അതിന് സാധിച്ചില്ലെന്നും സത്യം മാത്രം സംസാരിച്ചിരുന്ന ഒരു യഥാര്‍ത്ഥ ഹിന്ദുവിനെ കൊന്നതിനാല്‍ ഗോഡ്‌സെയെ ആരും മഹാത്മാവ് എന്ന് വിളിക്കില്ലെന്നും രാഹുല്‍ ഗാന്ധി കൂട്ടിച്ചേര്‍ത്തു. ഗോഡ്‌സെ ഒരു ഭീരുവും ദുര്‍ബലനും ആയിരുന്നെന്നും അയാള്‍ക്ക് തന്റെ ഉള്ളിലുള്ള ഭയത്തെ അഭിമുഖീകരിക്കാന്‍ സാധിച്ചില്ലെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.
#WATCH | A 'Hindutvavadi' bathes alone in Ganga, while a Hindu bathes with crores of people…Narendra Modi says he is a Hindu, but when did he protect truth?…He asked people to bang thalis to get rid of COVID…Hindu or Hindutvadi?: Congress MP Rahul Gandhi in Amethi pic.twitter.com/S51O22YxF9
— ANI UP/Uttarakhand (@ANINewsUP) December 18, 2021