പത്തനംതിട്ട: ലോക്സഭാ തിരഞ്ഞെടുപ്പില്‍ കിഫ്ബി വിഷയം യുഡിഎഫ് ചര്‍ച്ചയാക്കട്ടെ എന്നാണ് തന്റെ പ്രാര്‍ത്ഥനയെന്ന് മുന്‍ ധനമന്ത്രി തോമസ് ഐസക്. ചര്‍ച്ചയാക്കിയാല്‍ കിഫ്ബി വഴി ചെയ്ത കാര്യങ്ങള്‍ എണ്ണിപ്പറയാനാകും. എന്‍ഫോഴ്സ്മെന്റ് ഡയറക്ട്രേറ്റിന് മുന്നില്‍ ഹാജരാകില്ലായെന്ന നിലപാടില്‍ മാറ്റിമില്ലെന്നും തോമസ് ഐസക് പറഞ്ഞു.
കേന്ദ്രത്തിന്റെ സാമ്പത്തിക ഉപരോധത്തിന് ജനം മറുപടി നല്‍കും. പത്തനംതിട്ടയുടെ വികസനമാകും ഇത്തവണ ചര്‍ച്ചയാകുകയെന്നും തോമസ് ഐസക് പറഞ്ഞു. ന്യൂനപക്ഷങ്ങളുടെ പിന്തുണ ഇത്തവണ ലോക്സഭാ തിരഞ്ഞെടുപ്പില്‍ ഇടത് മുന്നണിയെ വിജയത്തില്‍ എത്തിക്കുമെന്ന പ്രതീക്ഷയിലാണ് തോമസ് ഐസക്. ശബരിമല വിഷയം ഇപ്പോള്‍ പത്തനംതിട്ട ലോക്സഭാ മണ്ഡലത്തില്‍ ചര്‍ച്ചയേയല്ല. ന്യൂനപക്ഷങ്ങളുടെ പൂര്‍ണ്ണ പിന്തുണ ഇക്കുറി എല്‍ ഡി എഫിനായിരിക്കും. പത്തനംതിട്ട ലോക്സഭാ മണ്ഡലത്തില്‍ ഇടത് മുന്നണി ഇത്തവണ ചരിത്രം തിരുത്തിക്കുറിക്കുമെന്നായിരുന്നു തോമസ് ഐസകിന്റെ പ്രതികരണം.
ഇഡിക്ക് അറിയാത്ത കാര്യം യുഡിഎഫിനും എന്‍ഡിഎയ്ക്കും അറിയാമെങ്കില്‍ അവര്‍ പറയട്ടെ. നാലാം വട്ടം ആന്റോ ആന്റണി മന്‍സരിക്കുന്നത് ഗുണമോ ദോഷമോ എന്ന് ജനം തീരുമാനിക്കട്ടെ. ജയിക്കുമെന്ന ആന്റോ ആന്റണിയുടെ വിശ്വാസം അദ്ദേഹത്തെ രക്ഷിക്കട്ടെയെന്നും തോമസ് ഐസക് ആത്മവിശ്വാസം പ്രകടിപ്പിച്ചു.