കിമ്മിന്റെയും ട്രംപിന്റെയും ഇഷ്ടഭക്ഷണമൊരുക്കി കാംപെല്ല ഹോട്ടലും ചരിത്രത്തിലേക്ക്

സിംഗപ്പൂര്‍: ലോകത്തിലെ രണ്ട് ലോക നേതാക്കള്‍ തമ്മിലുള്ള കൂടിക്കാഴ്ചയുടെ പ്രധാന മെനു ആണവനിരായുധീകരണമായിരുന്നുവെങ്കിലും കാംപെല്ല ഹോട്ടല്‍ അധികൃതര്‍ ഇരുവര്‍ക്കും വേണ്ടി ഒരുക്കിയത് ഗംഭീര ഉച്ചഭക്ഷണം. അങ്ങനെ ചരിത്ര ഉച്ചകോടിയുടെ ഉച്ചഭക്ഷണത്തിന്റെ മെനുവും ചരിത്രത്തില്‍ ഇടം പിടിച്ചു. യാങ്‌ഷോ ഫ്രൈഡ് റൈസും ഡാര്‍ക്ക് ചോക്ലെറ്റും കൊഞ്ച് കോക്ക്‌ടെയ്‌ലും ഓക്ടോപസും അടങ്ങിയ ഭക്ഷണമാണ് കൂടിക്കാഴ്ചക്കായി കാംപെല്ലയുടെ അടുക്കളയില്‍ ഒരുങ്ങിയത്. ചൈനീസ്, കൊറിയന്‍, മലായ്, പാശ്ചാത്യ വിഭവങ്ങള്‍ ചേര്‍ന്ന സമൃദ്ധമായ ഭക്ഷണമായിരുന്നു ലോകനേതാക്കള്‍ക്ക് വേണ്ടി നിരന്നത്.

കൊഞ്ച് കോക്ക് ടെയ്‌ലിനും അവാക്കാഡോ സാലഡിനും പുറമെ മലായ് രീതിയില്‍ തയാറാക്കിയ പച്ചമാങ്ങ കെരാബും ഹണി ലൈം കൊണ്ട് അലങ്കരിച്ച ഒക്ടോപസുമായിരുന്നു സ്റ്റാര്‍ട്ടര്‍ വിഭവങ്ങള്‍. ഭക്ഷണപ്രിയനായ ഡോണള്‍ഡ് ട്രംപ് പ്രതീക്ഷിച്ചതുപോലെ രണ്ടാമത്തെ കോഴ്‌സില്‍ തെരഞ്ഞെടുത്തത് കെച്ചപ്പില്‍ മുക്കിയെടുത്ത ബീഫ് സ്റ്റീക്ക്. കൂടെ ഉരുളക്കിഴങ്ങും ആവിയില്‍ വേവിച്ച ബ്രോക്കോളിയും റെഡ് വൈന്‍ സോസും.

എന്തായാലും ട്രംപ്കിം ചര്‍ച്ചയില്‍ ചൈനക്കുള്ള നിര്‍ണായക സാന്നിധ്യം വെളിപ്പെടുത്തിക്കൊണ്ടുള്ള ചൈനീസ് വിഭവവും മെനുവില്‍ ഉള്‍പ്പെടുത്താന്‍ കാംപെല്ല മറന്നില്ല.

campella-hotel-2

മധുരവും പുളിയും സമാസമം ചേര്‍ത്ത് പൊരിച്ചെടുത്ത പോര്‍ക്കും യാങ്‌ഷോ ഫ്രൈഡ് റൈസും ചില്ലി സോസും ചൈനീസ് തനിമ നഷ്ടപ്പെടാതെയാണ് ഷെഫ് തയാറാക്കിയത്.

campella--hotel-1

ഭക്ഷണം തെരഞ്ഞെടുക്കുന്നതില്‍ ശ്രദ്ധാലുവായ കിമ്മിനുവേണ്ടി ചോളത്തില്‍ വരട്ടിയെടുത്ത കോഡ് മത്സ്യവും റാഡിഷും ഏഷ്യന്‍ പച്ചക്കറികളും ചേര്‍ത്തുണ്ടാക്കിയ പ്രത്യേക ഡിഷും തയാറാക്കിയിരുന്നു.

Top