തിരുവനന്തപുരം: നാളുകളായി കടം വാങ്ങിയും സര്‍ക്കാരിന്റെ ധനസഹായത്താലും ജീവനക്കാര്‍ക്ക് ശമ്പളം നല്‍കിയിരുന്ന കെ.എസ്.ആര്‍.ടി.സി ജനുവരിയിലെ ശമ്പളം സ്വന്തം പോക്കറ്റില്‍ നിന്നു നല്‍കും. 31 ന് തന്നെ ശമ്പളം ജീവനക്കാരുടെ അക്കൗണ്ടുകളിലെത്തും. ഇതിനായി 90കോടി രൂപയാണ് കോര്‍പറേഷന് വേണ്ടത്.
ശബരിമല സര്‍വീസ് ,ഷെഡ്യൂള്‍ പുനഃക്രമീകരണം, എന്നിവയിലൂടെ ലഭിച്ച അധിക വരുമാനമാണ് കെ.എസ്.ആര്‍.ടി.സിയെ സ്വന്തം കാലില്‍ നില്‍ക്കാന്‍ സഹായിച്ചത്. മണ്ഡല-മകരവിളക്കു കാലത്ത് റെക്കാഡ് വരുമാനമായ 45.2 കോടി രൂപയാണ് പ്രത്യേക സര്‍വീസിലൂടെ ലഭിച്ചത്. കഴിഞ്ഞ വര്‍ഷം ഈ സീസണിലെ വരുമാനം 15.2 കോടിയായിരുന്നു.
ഡബിള്‍ ഡ്യൂട്ടി നിര്‍ത്തിയതോടെ ദിവസവും 646 പേരുടെ ജോലി ലാഭിക്കാന്‍ കഴിഞ്ഞു. ഇതുവഴി വര്‍ഷം 58.94 കോടിയുടെ ലാഭമുണ്ടാകും. ദിവസ അലവന്‍സ് ഇനത്തില്‍ 8.2 ലക്ഷം രൂപയുടെ ചെലവും കുറഞ്ഞു. അദര്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന 613 കണ്ടക്ടര്‍മാരെ ബസുകളില്‍ നിയോഗിച്ചതും വരുമാനം ഉയര്‍ത്തി. .പമ്പ -നിലയ്ക്കല്‍ പാതയിലെ കണ്ടക്ടറില്ലാത്ത ബസുകളും ചെലവ് കുറച്ചു.ഡ്രൈവര്‍ കം കണ്ടക്ടര്‍ സംവിധാനത്തിലൂടെ അപകടം കുറയ്ക്കാനുമായി.
സര്‍ക്കാര്‍ ധനസഹായത്താല്‍ പെന്‍ഷന്‍ വിതരണം സഹകരണബാങ്കുകളിലൂടെ ആക്കിയെങ്കിലും സ്വന്തം വരുമാനത്തില്‍ നിന്ന് ശമ്പളം നല്‍കാന്‍ കെ.എസ്.ആര്‍.ടി.സിക്ക് കഴിഞ്ഞിരുന്നില്ല. ശരാശരി 20 മുതല്‍ 30 കോടി രൂപവരെയാണ് എല്ലാമാസവും സര്‍ക്കാരില്‍ നിന്ന് കോര്‍പ്പറേഷന്‍ വാങ്ങിയിരുന്നത്.