ലിസ്ബണ്‍: അന്താരാഷ്ട്ര ഫുട്‌ബോളില്‍ ചരിത്ര നേട്ടം പിന്നിട്ട് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. അന്താരാഷ്ട്ര ഫുട്‌ബോളില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ നേടുന്ന താരം എന്ന റെക്കോര്‍ഡ് ഇനി പോര്‍ച്ചുഗല്‍ ഇതിഹാസ താരത്തിന് സ്വന്തം. 180 മത്സരങ്ങളില്‍ നിന്നായി 111 ഗോളുകളാണ് റൊണാള്‍ഡോ പോര്‍ച്ചുഗലിനായി നേടിയത്. ഇതോടെ ഇറാന്‍ ഇതിഹാസ താരം അലി ദേയിയുടെ 109 ഗോള്‍ എന്ന റെക്കോര്‍ഡ് റൊണാള്‍ഡോ മറി കടക്കുകയും ചെയ്തു. ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ അയര്‍ലണ്ടിനെതിരെയായിരുന്നു ക്രിസ്റ്റ്യാനോയുടെ ചരിത്ര നേട്ടം.
അയര്‍ലണ്ടിനെതിരെയുള്ള ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ രണ്ട് ഗോളുകളാണ് റൊണാള്‍ഡോ നേടിയത്. 88 മിനിറ്റു വരെ ഒരു ഗോളിന് പിന്നിലായിരുന്ന പോര്‍ച്ചുഗല്‍ എണ്‍പത്തിയൊന്‍പതാം മിനിറ്റില്‍ റൊണാള്‍ഡോയുടെ ഹെഡറില്‍ സമനില പിടിച്ചു. തുടര്‍ന്ന് കളി അവസാനിക്കാന്‍ അവസാന സെക്കന്റുകളില്‍ വീണ്ടും റൊണാള്‍ഡോ ഗോള്‍ നേടി, ഒപ്പം ചരിത്ര നേട്ടം കൂടി റൊണാള്‍ഡോ സ്വന്തം പേരില്‍ ചേര്‍ത്തു.
മത്സരത്തിന്റെ ആദ്യം ലഭിച്ച പെനാല്‍റ്റി റൊണാള്‍ഡോ പാഴാക്കിയിരുന്നു. അതോടൊപ്പം ഈ മത്സരത്തോടെ ഏറ്റവും അധികം അന്താരാഷ്ട്ര മത്സരങ്ങള്‍ കളിച്ച യൂറോപ്യന്‍ താരമെന്ന സെര്‍ജിയോ റാമോസിന്റെ ഒപ്പമെത്താനും ഇതോടെ റൊണാള്‍ഡോയ്ക്കായി.