കശ്മീര്‍: കശ്മീര്‍ വിഷയത്തില്‍ നാഷണല്‍ കോണ്‍ഫറന്‍സ് പ്രസിഡന്റ് ഫറൂഖ് അബ്ദുള്ളയ്ക്ക് മറുപടിയുമായി ജമ്മു കശ്മീര്‍ മുഖ്യമന്ത്രി മെഹബൂബ മുഫ്തി.
കശ്മീരിലെ തര്‍ക്കത്തില്‍ ഇന്ത്യയും പാക്കിസ്ഥാനും തമ്മില്‍ മധ്യസ്ഥത വഹിക്കാന്‍ ചൈനയും അമേരിക്കയും പോലുള്ള മൂന്നാം കക്ഷി രാജ്യങ്ങള്‍ ഇടപെടണമെന്ന അബ്ദുള്ളയുടെ നിര്‍ദേശത്തോട് പ്രതികരിക്കുകയായിരുന്നു മെഹബൂബ.
വിഷയത്തില്‍ വിദേശ ഇടപെടല്‍ സംസ്ഥാനത്തിന് ദോഷകരമാണ്. അമേരിക്കയും ചൈനയും സ്വന്തം കാര്യം നോക്കിയാല്‍ മതി. അവര്‍ ഇടപെടുന്ന അഫ്ഗാന്‍, സിറിയ, ഇറാഖ് എന്നീ രാജ്യങ്ങളുടെ സ്ഥിതി എന്താണെന്ന് നമുക്ക് അറിയാം, നമുക്കും അതേ കാര്യം തന്നെ ചെയ്യണമോ എന്നും മെഹബൂബ് ചോദിച്ചു.
കശ്മീര്‍ പ്രശ്‌നം പരിഹരിക്കാന്‍ ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള ഉഭയകക്ഷി ചര്‍ച്ചകള്‍ക്കേ കഴിയൂ എന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
കശ്മീർ പ്രശ്നത്തിൽ പരിഹാരം കാണുന്നതിനായി ഇന്ത്യ അമേരിക്കയുടെയും ചൈനയുടെയും സഹായം തേടണമെന്ന് ജമ്മു കാശ്‌മീർ മുൻ മുഖ്യമന്ത്രി ഫറൂഖ് അബ്ദുള്ള ഇന്നലെ പറഞ്ഞിരുന്നു.
കശ്‌മീർ പ്രശ്നത്തിൽ പരിഹാരം കാണണമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ആവശ്യപ്പെട്ടിട്ടുണ്ട്. ഇതേ ആവശ്യം ചൈനയും ഉന്നയിച്ചിട്ടുണ്ട്. ഇവരിൽ ആരെയെങ്കിലും ഇന്ത്യ സമീപിക്കണമെന്നും ഫറൂഖ് അബ്ദുള്ള പറഞ്ഞു.