ചെന്നൈ: രക്തം സ്വീകരിച്ചതിലൂടെ ഗര്‍ഭിണിക്ക് എച്ച്‌ഐവി പകരാനിടയായ സംഭവത്തില്‍ മനംനൊന്ത് ആത്മഹത്യയ്ക്ക് ശ്രമിച്ച രക്ത ദാദാവായ യുവാവ് മരിച്ചു. തമിഴ്‌നാട് വിരുദുനഗറിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ നിന്ന് രക്തം സ്വീകരിച്ച ഗര്‍ഭിണിക്കാണ് എച്ച്‌ഐവി ബാധയുണ്ടായത്. 19കാരനായ യുവാവില്‍ നിന്ന് സ്വകരിച്ച രക്തമാണ് എച്ച്‌ഐവി ബാധയ്ക്കിടയാക്കിയത്.
ഞായറാഴ്ച രാവിലെ മുധുരൈ രാജാജി സര്‍ക്കാര്‍ ആശുപത്രിയിലാണ് യുവാവ് മരിച്ചത്. സംഭവത്തില്‍ കുടുംബത്തിനുണ്ടായ നാണക്കേടില്‍ മനംനൊന്ത് ഇയാള്‍ ബുധനാഴ്ചയാണ് ജീവനൊടുക്കാന്‍ ശ്രമിച്ചത്. ഗുരുതരാവസ്ഥയില്‍ രാമനാഥപുരം സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇയാളെ പിന്നീട് മുധുരൈ രാജാജി സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ഇയാള്‍ രാവിലെ 8.10 ഓടെ രക്തസ്രാവത്തെ തുടര്‍ന്ന് മരിക്കുകയായിരുന്നുവെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.
യുവാവ് 2016ല്‍ ബന്ധുവിന്റെ ശസ്ത്രക്രിയയ്ക്കായാണ് രക്തം നല്‍കിയത്. അന്ന് അതുപയോഗിക്കാതെ ആശുപത്രിയിലെ രക്തബാങ്കില്‍ സൂക്ഷിക്കുകയായിരുന്നു. രക്തം നല്‍കുന്ന സമയത്ത് ഇയാള്‍ക്ക് താന്‍ എച്ച്.ഐ.വി ബാധിതനാണെന്ന കാര്യം അറിയില്ലായിരുന്നു. പിന്നീട് ഇതാണ് രണ്ടുവര്‍ഷത്തിനുശേഷം തമിഴ്‌നാട് വിരുദുനഗറിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സതേടിയെത്തിയ യുവതിക്ക് നല്‍കിയത്.
രക്തം സ്വീകരിച്ചതോടെ എട്ടുമാസം ഗര്‍ഭിണിയായ 24കാരിക്ക് എച്ച്.ഐ.വി. അണുബാധയുണ്ടായി. കൃത്യമായി പരിശോധിക്കാതെ രക്തം നല്‍കിയ ലാബ് ജീവനക്കാരെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. ഗര്‍ഭിണിയായ 24കാരി മധുരൈ രാജാജി ആശുപത്രിയില്‍ ചികിത്സയിലാണ്.
യുവതിക്ക് എച്ച്.ഐ.വി. അണുബാധയുണ്ടായതിനെ തുടര്‍ന്ന് കേന്ദ്രസര്‍ക്കാരിനും തമിഴ്‌നാട് സര്‍ക്കാരിനും ദേശീയ മനുഷ്യാവകാശകമ്മിഷന്‍ നോട്ടീസയച്ചിരുന്നു. കുറ്റക്കാര്‍ക്കെതിരേ എന്തുനടപടി സ്വീകരിച്ചു, യുവതിയുടെ പുനരധിവാസത്തിന് എന്തെല്ലാം ചെയ്തു തുടങ്ങിയ കാര്യങ്ങള്‍ നാലാഴ്ചയ്ക്കുള്ളില്‍ വിശദീകരിക്കണമെന്നാവശ്യപ്പെട്ടിട്ടുണ്ട്.