ബെംഗളൂരു: എച്ച് ഐ വി ബാധിതയായ പെണ്‍കുട്ടി കുളത്തില്‍ ചാടി മരിച്ചതിനെ തുടര്‍ന്ന് കുളം വറ്റിച്ച് പുതിയ വെള്ളം നിറയ്ക്കണമെന്ന ആവശ്യവുമായി പ്രദേശവാസികള്‍.
കര്‍ണ്ണാടകയിലെ ഹൂബ്ലിയിലെ മൊറാബ് ഗ്രാമത്തിലാണ് സംഭവം. കുളം എച്ച് ഐ വി വൈറസിനാല്‍ മലിനമായെന്നാണ് പ്രദേശവാസികളുടെ ആരോപണം.
മീനുകള്‍ പാതി തിന്ന നിലയിലുള്ള മൃതദേഹം കുളത്തില്‍ കണ്ടെത്തിയതിന് പിന്നാലെ കുളത്തില്‍ നിന്നുള്ള വെള്ളം കുടിക്കുന്നതില്‍ പ്രദേശവാസികള്‍ എതിര്‍പ്പ് പ്രകടിപ്പിച്ചു.
ഇതോടെ കുളം വറ്റിക്കാന്‍ ജില്ലാ അധികൃതര്‍ നിര്‍ബന്ധിതരായിരിക്കുകയാണ്. ജില്ലാ അധികൃതര്‍ കുളം വറ്റിച്ചില്ലെങ്കില്‍ പ്രദേശവാസികള്‍ തന്നെ ഇത് ചെയ്യുമെന്നാണ് ഇവരുടെ ഭീഷണി. ബുധനാഴ്ച രാത്രിയോ വ്യാഴാഴ്ച രാവിലേയോട് കൂടിയോ കുളം വറ്റിക്കുമെന്ന് അധികൃതര്‍ പറഞ്ഞു. തുടര്‍ന്ന് ഡിസംബര്‍ 20 നുള്ളില്‍ മലാപ്രഭ കനാലില്‍ നിന്നും കുളത്തില്‍ വെള്ളം നിറയ്ക്കാനാണ് പദ്ധതി.