ഇന്ത്യയ്‌ക്കെതിരെ ഭീകരാക്രമണം നടത്തിയത് നിരവധി തവണയെന്ന്‌ സയ്യദ് സലാഹുദ്ദീന്‍

ന്യൂഡല്‍ഹി: ഇന്ത്യക്കെതിരെ നിരവധി തവണ ഭീകരാക്രമണങ്ങള്‍ നടത്തിയിട്ടുള്ളതായി ഹിസ്ബുള്‍ മുജാഹിദ്ദീന്‍ തലവന്‍ സയ്യദ് സലാഹുദ്ദീന്‍.

പാക്ക് ചാനലായ ജിയോ ന്യൂസിനു നല്‍കിയ അഭിമുഖത്തിലാണ് സലാഹുദ്ദീന്‍ ഇക്കാര്യം വ്യക്തമാക്കിയത്.

കശ്മീരില്‍ ഒരുപാട് പേരുടെ പിന്തുണയും സഹാനുഭൂതിയും തങ്ങള്‍ക്കുണ്ടെന്നും കശ്മീര്‍ പ്രശ്‌നങ്ങളെക്കുറിച്ച് യാഥാര്‍ത്ഥ്യ ബോധം അവര്‍ക്കുണ്ടെന്നും സയ്യദ് സലാഹുദ്ദീന്‍ പറഞ്ഞു.

യുഎസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപും ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും തമ്മിലുള്ള കൂടിക്കാഴ്ചയ്ക്ക് മുമ്പായിരുന്നു സലാഹുദ്ദീനെ ആഗോളഭീകരനായി അമേരിക്ക പ്രഖ്യാപിച്ചത്.

ഇതിനു പിന്നാലെയാണ് ഇന്ത്യയില്‍ നിരവധി തവണ ഭീകരാക്രമണം നടത്തി എന്നറിയിച്ചു കൊണ്ടുള്ള സലാഹുദ്ദീനിന്റെ വെളിപ്പെടുത്തല്‍.

കശ്മീരിനെ ഭീകരരുടെ സംസ്ഥാനമായി ഇന്ത്യ മുദ്ര കുത്തുകയാണെന്നും സംഘടനയ്ക്ക് ലോകത്തിന്റെ വിവധ ഭാഗങ്ങളില്‍ നിന്നും ആയുധങ്ങള്‍ എത്തുന്നുണ്ടെന്നും പണം നല്‍കിയാല്‍ എവിടെ വേണമെങ്കിലും ആയുധമെത്തിക്കാന്‍ തയ്യാറാണെന്നും ഭീകരന്‍ പറയുന്നു.

9/11 ഭീകരാക്രമണത്തിനു ശേഷം ഇന്ത്യയില്‍ പലയിടങ്ങളിലും ആക്രമണങ്ങള്‍ നടത്തുകയും 17 പേരുടെ ജീവനെടുത്ത 2014 ലെ ജമ്മു കശ്മീര്‍ സ്‌ഫോടനത്തിന് നേതൃത്വം നല്‍കുകയും ചെയ്തത് സലാഹുദ്ദീന്‍ ആയിരുന്നു.

Top