ഏവരും കാത്തിരുന്ന നിറങ്ങളുടെ ദിനം എത്തി. വസന്തകാലത്തെ എതിരേല്‍ക്കാന്‍ ആഘോഷിക്കുന്ന ഉത്സവമാണ് ഹോളി. നിറങ്ങളുടെ ഉത്സവം എന്നും വസന്തോത്സവം എന്നും ഹോളിയെ നമുക്ക് വിശേഷിപ്പിക്കാം.
ഉത്തരേന്ത്യയിലാണ് പ്രധാനമായും ഹോളി ആഘോഷിച്ചുവരുന്നത്. എന്നാല്‍ ദക്ഷിണേന്ത്യയിലും ഇപ്പോള്‍ ഹോളി ആഘോഷിക്കുന്നുണ്ട്. ഗുജറാത്തികളും മാര്‍വാടികളും പഞ്ചാബികളുമാണ് ഹോളി ആഘോഷത്തിനു മുന്‍പന്തിയില്‍ നില്‍ക്കുന്നവരെങ്കിലും മുംബൈ, ഡല്‍ഹി പോലുള്ള നഗരങ്ങളില്‍ ഹോളി ആഘോഷിക്കാത്തവര്‍ തന്നെ ചുരുക്കമാണെന്നു പറയാം. ഇപ്പോള്‍ കേരളത്തിന്റെ പല ഭാഗങ്ങളിലും ഹോളി ആഘോഷിച്ചുവരുന്നുണ്ട്.
ജാതി മതഭേദമന്യേ ജനങ്ങള്‍ ഹോളി ആഘോഷങ്ങളില്‍ ഒന്നിക്കുന്നു. പരസ്പരം നിറം പുരട്ടുമ്പോള്‍ ശത്രുത അകലുമെന്നതാണ് വിശ്വാസം.
ഈ ദിവസങ്ങളില്‍ വീടുകളില്‍ പരമ്പരാഗത പലഹാരങ്ങളായ ഗുജിയ, താന്‍ണ്ടൈ(പാനീയം) എന്നിവ ഉണ്ടാക്കുന്നതാണ്.
ഹിരണ്യകശിപുവിന്റെയും ദുഷ്ട സഹോദരിയായ ഹോളികയുടെയും പ്രഹ്ലാദന്റെയും കഥയുമായി ബന്ധപ്പെടുത്തിയാണ് ഹോളിയുടെ ഐതിഹ്യം. മനുഷ്യനാലും മൃഗത്താലും കൊല്ലപ്പെടില്ല, പകലും രാത്രിയും കൊല്ലപ്പെടില്ല. ഭൂമിയിലും ആകാശത്തും കൊല്ലപ്പെടില്ല, വീടിനകത്തും പുറത്തും കൊല്ലപ്പെടില്ല എന്നീ വരങ്ങള്‍ ലഭിച്ചതോടെ തികഞ്ഞ ദൈവനിന്ദകനായി മാറിയ ഹിരണ്യകശിപുവും തികഞ്ഞ വിഷ്ണു ഭക്തനായ മകന്‍ പ്രഹ്ലാദനും തമ്മിലുള്ള ആശയവൈരുദ്ധ്യത്തെ ആളിക്കത്തിക്കാനൊരുമ്പെട്ട ഹോളിക പ്രഹ്ലാദനുമൊന്നിച്ച് സൂത്രത്തില്‍ ഒരു ചിതയ്ക്ക് മുകളില്‍ ഇരിപ്പായി.
അഗ്‌നിസ്പര്‍ശം ഏല്‍ക്കാത്ത മേലാടയായിരുന്നു ഹോളികയുടെ തുറുപ്പു ചീട്ട്. എന്നാല്‍ തീ പടര്‍ന്നതും മേലാട ഹോളികയെ വിട്ട് പ്രഹ്ലാദനെ സംരക്ഷിച്ചു. ഹോളിക കത്തി ചാമ്പലാവുകയും ചെയ്തു.
ക്രുദ്ധനായ ഹിരണ്യകശിപു പ്രഹ്ലാദനുമായി വാഗ്വാദത്തിലേര്‍പ്പെടുകയും അടുത്തുള്ള തൂണ്‍ ഗദയാല്‍ അടിച്ച് തകര്‍ക്കുകയും ചെയ്തു. അതില്‍ നിന്നുയര്‍ന്നു വന്ന മഹാവിഷ്ണുവിന്റെ നരസിംഹാവതാരം തൃസന്ധ്യ നേരത്ത് വാതില്‍പ്പടിയില്‍, സ്വന്തം മടിയില്‍ വെച്ച് ഹിരണ്യ കശിപുവിനെ കൊന്നു. പിറ്റേദിവസം നഗരവാസികള്‍ ഹോളികയുടെ ചാരം നെറ്റിയില്‍ തൊട്ട് നന്മയുടെ വിജയം ആഘോഷിച്ചു. പിന്നീട് എല്ലാ വര്‍ഷവും അതേദിവസം നിറമുള്ള ഭസ്മങ്ങളും പൊടികളുമായി ഹോളി ആഘോഷിക്കുന്നു എന്നാണ് ഹോളിയുടെ ഐതിഹ്യമായി പറയപ്പെടുന്നത്.