അത്താഘോഷം; സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും തിങ്കളാഴ്ച അവധി

കൊച്ചി : അത്താഘോഷം നടക്കുന്നതിന്റെ ഭാഗമായി തൃപ്പൂണിത്തുറ നഗരസഭാ പരിധിയിലുള്ള സര്‍ക്കാര്‍ ഓഫീസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സെപ്തംബര്‍ രണ്ട് തിങ്കളാഴ്ച പ്രാദേശിക അവധിയായിരിക്കുമെന്ന് ജില്ലാ കളക്ടര്‍ എസ്. സുഹാസ്. പൊതുപരീക്ഷകള്‍ക്ക് അവധി ബാധകമല്ല.

ഓണാഘോഷത്തിന് തുടക്കം കുറിക്കുന്ന അത്താഘോഷത്തിനായി രാജനഗരി ഒരുങ്ങി കഴിഞ്ഞു. 2 നു നടക്കുന്ന ഘോഷയാത്ര കാണാന്‍ ഒട്ടേറെ ആളുകളാണ് എത്തുക. രാജഭരണകാലത്തു ചിങ്ങമാസത്തിലെ അത്തം നാളില്‍ പ്രത്യേക ചമയങ്ങള്‍ അണിഞ്ഞ് കൊച്ചി രാജാക്കന്മാര്‍ സേനാവ്യൂഹത്തോടും കലാസമൃദ്ധമായ ഘോഷയാത്രയോടും കൂടി പല്ലക്കില്‍ നടത്തിയിരുന്ന എഴുന്നളളത്താണ് അത്തച്ചമയം എന്ന പേരില്‍ അറിയപ്പെട്ടിരുന്നത്. രാജഭരണം അവസാനിച്ചതോടെ ഘോഷയാത്ര നിലച്ചെങ്കിലും പിന്നീടു ജനകീയ കമ്മിറ്റിയിലൂടെ പുനഃസ്ഥാപിക്കുകയായിരുന്നു.

മതമൈത്രിയുടെ ഉത്സവം കൂടിയാണ് അത്താഘോഷം. ചെമ്പില്‍ അരയന്‍, നെട്ടൂര്‍ തങ്ങള്‍, കരിങ്ങാച്ചിറ കത്തനാര്‍ എന്നിവരുടെ പ്രതിനിധികള്‍ അത്തച്ചമയഘോഷയാത്രയില്‍ അണിനിരക്കും. നാടന്‍ കലാരൂപങ്ങളും പഞ്ചവാദ്യം, പെരുമ്പറവാദ്യം, താലപ്പൊലി, ഫ്‌ലോട്ടുകള്‍, പ്രഛന്നവേഷക്കാര്‍ തുടങ്ങിയവയും ഘോഷയാത്രയെ മനോഹരമാക്കും. ഘോഷയാത്രക്കു പുറമേ കലാ സാംസ്‌കാരിക പരിപാടികളും ഉണ്ടായിരിക്കും.

Top