ന്യൂഡല്‍ഹി: പാന്‍ മസാല പരസ്യ വിവാദത്തില്‍ പാന്‍ ബാഹര്‍ കമ്പനിക്കെതിരെ ഹോളിവുഡ് നടന്‍ പിയേഴ്‌സ് ബ്രോസ്‌നന്‍.
ആരോഗ്യത്തിന് ഹാനികരമായ ഉല്‍പ്പന്നത്തിന് വേണ്ടി തന്റെ ചിത്രം അനുമതി കൂടാതെ ഉപയോഗിക്കുക വഴി കമ്പനി താനുമായുണ്ടാക്കിയ കരാര്‍ ലംഘിച്ചിരിക്കുകയാണെന്ന് ബ്രോസ്‌നന്‍ പീപ്പിള്‍സ് മാഗസിനോട് പറഞ്ഞു.ഇത് അങ്ങേയറ്റം ദു:ഖകരവും ഞെട്ടിക്കുന്നതുമാണെന്നും അദ്ദേഹം പറഞ്ഞു.
ഒരു ഉല്‍പ്പന്നത്തിന്റെ പരസ്യത്തില്‍ അഭിനയിക്കാന്‍ മാത്രമായിരുന്നു കരാര്‍. ആരോഗ്യത്തിന് ഹാനികരമല്ലാത്ത പ്രകൃതി ദത്തമായ വസ്തുക്കള്‍ മാത്രമേ ഉല്‍പ്പന്നത്തില്‍ ഉണ്ടാകുകയുള്ളൂ എന്ന നിബന്ധനയും കരാറിലുണ്ടായിരുന്നു.
ഇത് ലംഘിച്ച സാഹചര്യത്തില്‍ കമ്പനിയുടെ എല്ലാ പരസ്യങ്ങളില്‍ നിന്നും തന്നെ ഒഴിവാക്കണമെന്ന് പാന്‍ ബാഹറിനോട് ബ്രോസ്‌നന്‍ ആവശ്യപ്പെട്ടു.
പിയേഴ്‌സ് ബ്രോസ്‌നന്റെ ആരോപണങ്ങളില്‍ പാന്‍ ബാഹര്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല. പാന്‍ മസാല പരസ്യത്തില്‍ പ്രിയതാരം അഭിനയിച്ചതിനെ അനുകൂലിച്ചും പ്രതികൂലിച്ചും നേരത്തെ നിരവധി പേര്‍ നവമാധ്യമങ്ങളിലൂടെ രംഗത്ത് വന്നിരുന്നു. ജയിംസ് ബോണ്ട് ചിത്രത്തിന് സമാനമായാണ് പരസ്യം ചിത്രീകരിച്ചിരുന്നത്.
ആഡംബരക്കാറില്‍ നായികക്കൊപ്പം വന്നിറങ്ങുന്ന നായകന്റെ കയ്യില്‍ അത്യാധുനിക ആയുധങ്ങള്‍ക്ക് പകരം പാന്‍മസാലയുടെ ബോട്ടിലാണ് പരസ്യത്തില്‍.
ഈ ബോട്ടില്‍ ഉപയോഗിച്ചാണ് ബ്രോസ്‌നന്‍ പിന്നെ ശുത്രുക്കളെയെല്ലാം നേരിടുന്നത്. വിവാദം കത്തിപ്പടര്‍ന്നപ്പോള്‍ സെന്‍സര്‍ ബോര്‍ഡ് പാന്‍ ബാഹര്‍ പരസ്യത്തിന് സംപ്രേഷണ വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു.
ഇതിനു പിന്നാലെയാണ് പിയേഴ്‌സ് ബ്രോസ്‌നന്റെ പ്രസ്താവന വന്നിരിക്കുന്നത്.ജെയിംസ് ബോണ്ട് ചിത്രങ്ങളിലൂടെ പ്രശസ്തനാണ് ഇദ്ദേഹം.