മുടക്കുമുതലിന്റെ എട്ടിരട്ടി ലാഭം, കണക്കുകള്‍ കേട്ടാല്‍ ഞെട്ടും! ‘ജോക്കര്‍’ തകര്‍ത്തു, തിമര്‍ത്തു, പൊളിച്ചു

ന്ത്യക്കാരടക്കം ഏറെ ആകാംഷയോടെ കാത്തിരുന്ന ഹോളിവുഡ് ചിത്രമായിരുന്നു ജോക്കര്‍. പ്രേക്ഷകരുടെ കാത്തിരിപ്പ് വെറുതെ ആയില്ല സിനിമ തീയ്യേറ്ററുകളില്‍ നിറഞ്ഞോടുകയാണ്. പ്രേക്ഷകപിന്തുണ ലഭിച്ച ഈ ചിത്രത്തിന്റെ ഏറ്റവും പുതിയ ബോക്സ്ഓഫീസ് കളക്ഷന്‍ കണക്കുകള്‍ പുറത്തുവിട്ടിരിക്കുകയാണ്.

ടോഡ് ഫിലിപ്സ് സംവിധാനം ചെയ്ത ചിത്രം ഇന്ത്യയുള്‍പ്പെടെയുള്ള മാര്‍ക്കറ്റുകളില്‍ റിലീസ് ചെയ്യപ്പെട്ടത് ഒക്ടോബര്‍ രണ്ടിനായിരുന്നു. പ്രദര്‍ശനത്തിനെത്തി ഒരു മാസം കഴിയുമ്പോള്‍ ജോക്കര്‍ നേടിയ ലാഭം മുടക്കുമുതലിന്റെ എട്ടിരട്ടിയിലേറെയാണ്. റിലീസ് ചെയ്യപ്പെട്ട എല്ലാ അന്തര്‍ദേശീയ മാര്‍ക്കറ്റുകളിലും വലിയ ചിത്രം 900 മില്യണ്‍ ഡോളര്‍ (6347 കോടി രൂപ) എന്ന സംഖ്യ പിന്നിട്ടിരിക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

സാധാരണ എല്ലാ ഹോളിവുഡ് സിനിമകളും നിര്‍മ്മിക്കുന്നത് വന്‍ മുതല്‍മുടക്കിലാണ്. എന്നാല്‍ ജോക്കറാകട്ടെ 60 മില്യണ്‍ ഡോളര്‍ (423 കോടി രൂപ) എന്ന അവരുടെ കണക്കിലെ തുച്ഛമായ സംഖ്യകൊണ്ട് മാത്രമാണ്. നിര്‍മ്മാണ ഘട്ടത്തില്‍ മാത്രം ചെലവ് വന്ന തുകയാണ് ഇത്. മാര്‍ക്കറ്റിംഗ് ഉള്‍പ്പെടെയുള്ള ചെലവുകള്‍ കഴിച്ച് ചിത്രം വാര്‍ണര്‍ ബ്രദേഴ്സ് അടക്കമുള്ള നിര്‍മ്മാതാക്കള്‍ക്ക് 500 മില്യണ്‍ (3526 കോടി രൂപ) ഡോളറിലേറെ ലാഭം ഇതിനകം നേടിക്കൊടുത്തതായും റിപ്പോര്‍ട്ടുകള്‍ ഉണ്ട്.

‘ആര്‍-റേറ്റഡ്’ ചിത്രങ്ങളില്‍ എക്കാലത്തെയും വലിയ ഹിറ്റാണ് നിലവില്‍ ജോക്കര്‍. ഡെഡ്പൂളിന്റെ കളക്ഷനെ (783 മില്യണ്‍) മറികടന്നതോടെയാണ് ഇത്. എക്കാലത്തെയും ഡിസി ചിത്രങ്ങളില്‍ കളക്ഷനില്‍ നാലാമതുമാണ് നിലവില്‍ ജോക്കര്‍. അക്വമാന്‍ (1.14 ബില്യണ്‍), ദി ഡാര്‍ക് നൈറ്റ് റൈസസ് (1.08 ബില്യണ്‍), ദി ഡാര്‍ക് നൈറ്റ് (1 ബില്യണ്‍) എന്നിവയാണ് ആദ്യ മൂന്ന് സ്ഥാനങ്ങളിലുള്ള ഡിസി ചിത്രങ്ങള്‍.

അകാലത്തില്‍ പൊലിഞ്ഞ ഹീത്ത് ലെഡ്ജറെ അനശ്വരനാക്കിയത് ജോക്കര്‍ എന്ന കഥാപാത്രമാണ്. ഡാര്‍ക്ക് നൈറ്റിലെ ബാറ്റ്മാന്റെ എതിരാളി അക്ഷരാര്‍ഥത്തില്‍ തന്നെ ലോകത്തെ വിറപ്പിച്ചു. വലിയൊരു ആരാധകവൃന്ദത്തെ സ്വന്തമാക്കി. എന്നാല്‍, തന്റെ കഥാപാത്രത്തെ ലോകം ഇരുകൈയും നീട്ടി സ്വീകരിക്കുന്നത് കാണാനുള്ള ഭാഗ്യം ലെഡ്ജര്‍ക്കുണ്ടായില്ല. നടന്‍ മരിച്ച് ആറ് മാസത്തിനുശേഷമാണ് കഥാപാത്രം വെള്ളിത്തിരയിലെത്തിയത്. എങ്കിലും ഓസ്‌ക്കര്‍ അവാര്‍ഡ് നേടിയ ഈയൊരൊറ്റ കഥാപാത്രം കൊണ്ട് തന്നെ ലോകസിനിമയിലും പ്രേക്ഷക മനസ്സിലും അമരനായി ലെഡ്ജര്‍. ഈ സവിശേഷതകള്‍ നിലനില്‍ക്കുമ്പോള്‍ ജോക്കര്‍ എന്ന കഥാപാത്രത്തെ അവതരിപ്പിക്കാന്‍ തനിക്ക് സാധിക്കുമോ എന്ന ആശങ്കയിലായിരുന്നു ജോക്കറായി വന്ന ഹ്വാക്കിന്‍ ഫീനിക്സ്. എന്നാല്‍ പ്രേക്ഷകര്‍ വാക്കിനെ ഇരു കൈയ്യും നീട്ടി സ്വീകരിച്ചു.

Top