ഭാര്യയോടുള്ള ദേഷ്യം തീര്‍ക്കാന്‍ വീട്ടിലേക്ക് വിമാനം ഇടിച്ചിറക്കിയ പൈലറ്റിന് ദാരുണാന്ത്യം

വാഷിംഗ്ടണ്‍: ഭാര്യയോട് വഴക്കുണ്ടാക്കി വീടിന് മുകളിലേക്ക് മോഷ്ടിച്ച വിമാനം ഇടിച്ചിറക്കിയ പൈലറ്റിന് ദാരുണാന്ത്യം. അമേരിക്കയിലെ ഒഹിയോയിലാണ് സംഭവം നടന്നത്. ഡ്വെയ്ന്‍ യൂദ എന്ന 47 കാരനാണ് ജീവന്‍ നഷ്ടമായത്.

ഭാര്യയുമായി വഴക്കുണ്ടാക്കിയ ഡ്വെയ്‌നെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. അതിന് ശേഷം ജാമ്യത്തിലിറങ്ങിയ ഇയാള്‍ ഭാര്യയോട് പ്രതികാരം ചെയ്യാന്‍ തെരഞ്ഞെടുത്ത വഴിയാണ് വീട്ടിലേക്കുള്ള വിമാനം ഇടിച്ചിറക്കല്‍. രണ്ട് നില വീടിന് മുകളില്‍ ഇയാള്‍ വിമാനം ഇടിച്ചിറക്കിയ സമയത്ത് ഭാര്യയും മകനും വീടിനുള്ളില്‍ ഉണ്ടായിരുന്നു. എന്നാല്‍ അപകടത്തില്‍ നിന്ന് ഭാര്യയും മകനും അത്ഭുതകരമായി രക്ഷപ്പെട്ടു. ഇടിയുടെ ആഘാതത്തില്‍ വീട് പൂര്‍ണ്ണമായും കത്തിയമര്‍ന്നിരുന്നു. പൊലീസ് നടത്തിയ തിരച്ചിലില്‍ വിമാനത്തിന്റെ അവശിഷ്ടങ്ങളുടെ ഇടയില്‍ നിന്ന് ഡ്വെയിന്‍ യൂദയുടെ മൃതദേഹം കണ്ടെടുത്തിട്ടുണ്ട്.

പരിചയ സമ്പന്നനായ പൈലറ്റാണ് യൂദെ. ഏത് കമ്പനിയുടെ വിമാനമാണ് അപകടത്തില്‍പ്പെട്ടതെന്ന് കണ്ടെത്താനായിട്ടില്ലെന്ന് പൊലീസ് പറഞ്ഞു. സംഭവത്തെ തുടര്‍ന്ന് വിമാനവും വീടിന് മുന്നിലുണ്ടായിരുന്ന കാറുകളും മുഴുവനായും കത്തി നശിച്ചിട്ടുണ്ട്. എന്നാല്‍, വിമാനം വീടിന് സമീപത്തുണ്ടായിരുന്ന ഇലക്ട്രിക് പോസ്റ്റില്‍ ഇടിക്കാതിരുന്നത് മൂലമാണ് വന്‍ ദുരന്തം ഒഴിവായതെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു.

Top