സംസ്ഥാനത്ത് ഹോം ബെയ്സ്ഡ് കോമ്പ്രിഹെന്‍സീവ് ചൈല്‍ഡ് കെയര്‍ പദ്ധതി നടപ്പാക്കും; ആരോഗ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് ഹോം ബെയ്സ്ഡ് കോമ്പ്രിഹെന്‍സീവ് ചൈല്‍ഡ് കെയര്‍ പദ്ധതി നടപ്പിലാക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. പദ്ധതി വഴി സംസ്ഥാനത്തെ ആശ പ്രവര്‍ത്തകര്‍ വീടുകളിലെത്തി ആദ്യ ആഴ്ച മുതല്‍ ഒന്നര വയസുവരെ എല്ലാ കുഞ്ഞുങ്ങളുടെയും ക്ഷേമം ഉറപ്പുവരുത്തുന്നു. പ്രതിരോധ കുത്തിവയ്പ്പുകള്‍ കുഞ്ഞിന്റെ വളര്‍ച്ച, അമ്മയുടെ ആരോഗ്യം, ക്ഷേമപദ്ധതികള്‍ ആനുകൂല്യങ്ങള്‍ എന്നിവ ആശപ്രവര്‍ത്തകര്‍ ഉറപ്പുവരുത്തുമെന്നും മന്ത്രി വ്യക്തമാക്കി.

നവജാത ശിശു സംരക്ഷണ വാരാചരണം സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ നിര്‍വഹിക്കുകയായിരുന്നു മന്ത്രി. കുഞ്ഞുങ്ങളുടെ ആരോഗ്യത്തിന്റെ കാര്യത്തില്‍ ലോക രാജ്യങ്ങള്‍ക്ക് തന്നെ മാതൃകയാണ് കേരളം. കേരളത്തിന്റെ ശിശുമരണനിരക്ക് 2021ല്‍ 6 ആയിരുന്നു. ഇപ്പോഴത് അഞ്ചിനടുത്താണ്. രാജ്യത്തിന്റെ സുസ്ഥിര വികസന ലക്ഷ്യങ്ങളില്‍ ഒന്ന് 2030-നകം നവജാതശിശു മരണനിരക്ക് 12-ല്‍ താഴുക എന്നതാണ്. ഇത് കേരളം വളരെ നേരത്തെ കൈവരിച്ചു. അഞ്ചില്‍ നിന്നും ശിശു മരണനിരക്ക് വീണ്ടും കുറച്ച് കൊണ്ടുവരാനാണ് കേരളം ശ്രമിക്കുന്നത്.

നവജാതശിശു പരിചരണത്തിന് സര്‍ക്കാര്‍ വലിയ പ്രാധാന്യമാണ് നല്‍കുന്നത്. നിലവില്‍ കേരളത്തില്‍ 24 എസ്.എന്‍.സി.യു. പ്രവര്‍ത്തിക്കുന്നു. ഇത് കൂടാതെ 64 എന്‍.ബി.എസ്.യു, 101 എന്‍.ബി.സി.സി. എന്നിവ സര്‍ക്കാര്‍ മേഖലയില്‍ സജ്ജമാക്കിയിട്ടുണ്ട്. അപൂര്‍വ രോഗങ്ങളുടെ ചികിത്സയില്‍ കേരളം രാജ്യത്തിന് മാതൃകയാണ്. അപൂര്‍വ രോഗങ്ങളുടെ ചികിത്സയ്ക്കായി പ്രത്യേക ചികിത്സാ പദ്ധതി ആവിഷ്‌ക്കരിച്ചു. 50 കുഞ്ഞുങ്ങള്‍ക്ക് ഈ പദ്ധതി വഴി ചികിത്സ നല്‍കി. അപൂര്‍വ രോഗങ്ങളുടെ ചികിത്സയ്ക്കായി എസ്.എ.ടി. ആശുപത്രിയെ സെന്റര്‍ ഓഫ് എക്സലന്‍സായി ഉയര്‍ത്തിയിട്ടുണ്ട് എന്നും മന്ത്രി.

Top