മലപ്പുറം : മഹാരാജാസിലെ എസ്.എഫ്.ഐ നേതാവ് അഭിമന്യുവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് പോപുലര്‍ ഫ്രണ്ടിനെ പൂട്ടുന്ന ആഭ്യന്തരവകുപ്പ് തീവ്ര നിലപാടുള്ള ജമാഅത്തെ ഇസ്ലാമിയെ സംരക്ഷിക്കുന്നു. സുരക്ഷാ സേനകളെപ്പോലും ഞെട്ടിച്ച പൊലീസ് ആസ്ഥാനത്തെ ഇമെയില്‍ ചോര്‍ത്തല്‍ കേസാണ് പിന്‍വലിക്കാന്‍ കേരള സര്‍ക്കാര്‍ തീരുമാനിച്ചത്. ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായപ്പോള്‍പോലും മടിച്ചതാണ് ഇടത് സര്‍ക്കാര്‍ നടപ്പാക്കിയത്.
പൊലീസ് ആസ്ഥാനത്തെ ഹൈടെക് സെല്ലില്‍ നിന്നും ഇമെയില്‍ ചോര്‍ത്തിയ കേസിലെ അഞ്ചാം പ്രതിയായ മാധ്യമം ഗ്രൂപ്പ് എഡിറ്റര്‍ മുഖ്യമന്ത്രി പിണറായി വിജയനു നല്‍കിയ അപേക്ഷയില്‍ കേസു തന്നെ പിന്‍വലിക്കാനാണ് സര്‍ക്കാര്‍ തീരുമാനമെടുത്തത്.
കേസ് പിന്‍വലിക്കാനുള്ള അനുമതി നല്‍കി സര്‍ക്കാര്‍ പ്രോസിക്യൂഷന് കത്തും നല്‍കി. രാജ്യസുരക്ഷയെപ്പോലും സാരമായി ബാധിച്ച സംഭവമായിരുന്നു പൊലീസ് ആസ്ഥാനത്തെ ഹൈടെക് സെല്ലില്‍ നിന്നുള്ള ഇ-മെയില്‍ ചോര്‍ത്തല്‍. രാജ്യസുരക്ഷയെ ബാധിക്കുന്ന ആശയങ്ങള്‍ പങ്കുവെക്കുന്ന ഇമെയിലുകള്‍ പരിശോധിക്കാനായി ഇന്റലിജന്‍സ് മേധാവി പൊലീസ് ആസ്ഥാനത്തെ ഹൈടെക് സെല്ലിനു നല്‍കിയ വിവരങ്ങളാണ് ചോര്‍ത്തിയത്.
ഹൈടെക് സെല്ലിലുണ്ടായിരുന്ന എസ്.ഐ ബിജു സലിമാണ് വിവരങ്ങള്‍ ചോര്‍ത്തി നല്‍കിയതെന്ന് ക്രൈം ബ്രാഞ്ച് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.
ബിജു സലിം ചോര്‍ത്തി നല്‍കിയ വിവരങ്ങള്‍വെച്ച് മതസ്പര്‍ധ വളര്‍ത്തുന്ന തരത്തില്‍ ഒരു മതവിഭാഗത്തില്‍പെട്ടവരുടെ വിവരങ്ങള്‍ പൊലീസ് ചോര്‍ത്തുന്നുവെന്ന് മാധ്യമം ആഴ്ചപ്പതിപ്പ് പ്രസിദ്ധീകരിക്കുകയായിരുന്നു.
എസ്.ഐയായ ബിജു സലീം ലേഖകന്‍ വിജു വിനായരും മാധ്യമം എഡിറ്റര്‍ ഒ. അബ്ദുറഹിമാനും ഉള്‍പ്പെടെ ആറു പേര്‍ക്കെതിരെ തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ ക്രൈം ബ്രാഞ്ച് കുറ്റപത്രവും സമര്‍പ്പിച്ചു.
ജമാഅത്തെ ഇസ്ലാമിയുടെയും മാധ്യമത്തിന്റെയും സമ്മര്‍ദ്ദത്തില്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്തു തന്നെ കേസ് പിന്‍വലിക്കാന്‍ ശ്രമമുണ്ടായിരുന്നു. എന്നാല്‍ പൊലീസിന്റെ എതിര്‍പ്പിനെ തുടര്‍ന്ന് അന്ന് സര്‍ക്കാര്‍ കേസ് പിന്‍വലിക്കല്‍ നടപടിയില്‍ നിന്നും പിന്‍മാറുകയായിരുന്നു.
കേരളപൊലീസില്‍ പച്ച വെളിച്ചമെന്ന പേരില്‍ മുസ്ലിം തീവ്രവാദ ആശയങ്ങള്‍ പുലര്‍ത്തുന്ന പൊലീസുകാരുടെ രഹസ്യഗ്രൂപ്പുണ്ടെന്നു ഇന്റലിജന്‍സ് കണ്ടെത്തിയിരുന്നു. അഭിമന്യുവിന്റെ കൊലപാതകത്തോടെ മതതീവ്രവാദ ആശയക്കാരോടുള്ള പ്രതിഷേധം പുകയുമ്പോഴാണ് പോലീസ് ആസ്ഥാനത്തെ ഇമെയില്‍ വിവരം ചേര്‍ത്തിയവര്‍ക്കെതിരായ കേസു പിന്‍വലിച്ച സര്‍ക്കാര്‍ നടപടിയും ചര്‍ച്ചയാകുന്നത്.
പോപുലര്‍ ഫ്രണ്ടിന്റെ നേതൃത്വത്തിലുള്ള തേജസ് പത്രത്തിന് സര്‍ക്കാര്‍ പരസ്യം നിഷേധിച്ച സര്‍ക്കാരാണ് മതസ്പര്‍ദ വളര്‍ത്തുന്ന വാര്‍ത്ത നല്‍കിയതിന് മാധ്യമത്തിന് എതിരെ എടുത്ത കേസ് പിന്‍വലിച്ചും ജമാഅത്തെ ഇസ്ലാമിയെ പ്രീണിപ്പിക്കുന്നത്. കേന്ദ്രം നിരോധിച്ച തീവ്രവാദ സംഘടനയായ സിമിയുടെ നിരോധനം നീട്ടണമെ എന്ന കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ കത്തില്‍ മറുപടിപോലും അറിയിക്കാതെ അവരെ സഹായിക്കുകയാണ് കേരള സര്‍ക്കാര്‍. ജമാഅത്തെ ഇസ്ലാമിയുടെ പഴയ വിദ്യാര്‍ത്ഥി സംഘടനയായിരുന്നു സിമി. സിമിയുടെ പഴയ നേതാക്കളാണ് ഇപ്പോള്‍ പോപുലര്‍ ഫ്രണ്ടിനെ നയിക്കുന്നത്.
റിപ്പോര്‍ട്ട് : എം വിനോദ്