വീട്ടില്‍ സ്‌ഫോടകവസ്തു ശേഖരം; ഒരാള്‍ പിടിയില്‍

കൊട്ടാരക്കര: അനധികൃത പടക്കനിര്‍മാണ കേന്ദ്രത്തില്‍ പൊലീസ് നടത്തിയ റെയ്ഡില്‍ വീട്ടിലും പരിസരത്തെ ഗോഡൗണുകളിലുമായി സൂക്ഷിച്ചിരുന്ന സ്‌ഫോടകവസ്തു ശേഖരം പിടികൂടി. വെടിമരുന്ന് ഉല്‍പന്നങ്ങള്‍ നിര്‍മിക്കുകയായിരുന്ന ഒരാള്‍ പിടിയിലായി. പാരിപ്പള്ളി സ്വദേശി രാജു(45) ആണ് അറസ്റ്റിലായത്. മുഖ്യപ്രതി നെടുവത്തൂര്‍ വെണ്‍മണ്ണൂര്‍ കുഴിയംവാരം കൃഷ്ണവിലാസം വീട്ടില്‍ എ.ഉണ്ണിക്കൃഷ്ണനും(48) കൂട്ടാളിയും സ്ഥലത്തുനിന്നു കടന്നു.

ഇന്നലെ ഉച്ചയ്ക്കു രണ്ടരയോടെ ഡാന്‍സാഫ് സംഘമാണ് ഉണ്ണിക്കൃഷ്ണന്റെ വീട്ടില്‍ റെയ്ഡ് നടത്തിയത്. ലൈസന്‍സോ രേഖകളോ ഇല്ലാതെയായിരുന്നു പ്രവര്‍ത്തനം. എസ്പി കെ.ബി. രവിക്കു ലഭിച്ച രഹസ്യവിവരത്തെത്തുടര്‍ന്നാണു റെയ്ഡ്. പനയോലയുടെ മറവില്‍ തമിഴ്‌നാട്ടില്‍ നിന്നു വന്‍തോതില്‍ സ്‌ഫോടക വസ്തുക്കള്‍ എത്തിച്ചിരുന്നതായാണു വിവരം.

തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടു റൂറല്‍ മേഖലയില്‍ ആരംഭിച്ച റെയ്ഡിന്റെ ഭാഗമായാണു നടപടി. വീടിന്റെ അടുക്കളയിലും പരിസരത്തെ ഷെഡിലും സമീപപുരയിടത്തിലെ ഗോഡൗണിലുമായിരുന്നു സ്‌ഫോടക വസ്തുക്കള്‍ സൂക്ഷിച്ചിരുന്നത്. വെടിമരുന്ന്, പൈപ്പുകള്‍ എന്നിവ പിടിച്ചെടുത്തവയില്‍ ഉള്‍പ്പെടും.

സമാനകേസില്‍ ഉണ്ണിക്കൃഷ്ണനെ നേരത്തേയും അറസ്റ്റ് ചെയ്തിരുന്നു. ഡിവൈഎസ്പി എ.അശോകന്റെ നേതൃത്വത്തില്‍ സിഐ അഭിലാഷ് ഡേവിഡ്, ഡാന്‍സാഫ് എസ്‌ഐ വി.എസ്.വിനീഷ്, എസ്‌ഐമാരായ കെ.ശിവശങ്കരപ്പിള്ള, ബി.അജയകുമാര്‍, കെ.കെ.രാധാകൃഷ്ണപിള്ള, എസ്.അനില്‍കുമാര്‍, എ.ബിജോ എന്നിവരാണു റെയ്ഡിനു നേതൃത്വം നല്‍കിയത്.

 

Top