ന്യൂഡല്‍ഹി: കേന്ദ്ര ആഭ്യന്തരമന്ത്രിയായി അമിത് ഷായും പ്രതിരോധമന്ത്രിയായി രാജ്നാഥ് സിങ്ങും ചുമതലയേറ്റു. പാര്‍മെന്റിന്റെ നോര്‍ത്ത് ബ്ലോക്കിലെ ഓഫീസുകളിലെത്തിയാണ് ഇരുവരും ചുമതലയേറ്റത്. ചുമതലയേറ്റെടുത്തശേഷം വിവിധ ഉദ്യോഗസ്ഥരും പാര്‍ട്ടി പ്രവര്‍ത്തകരും ഇരുവരെയും സ്വീകരിച്ചു.
ആദ്യമായാണ് അമിത് ഷാ കേന്ദ്ര മന്ത്രി സഭയിലേക്കെത്തുന്നത്. നരേന്ദ്രമോദിയ്ക്കു ശേഷം രണ്ടാമന്‍ എന്ന നിലയിലാണ് കേന്ദ്ര ആഭ്യന്തര മന്ത്രി ചുമതല അദ്ദേഹം ഏറ്റെടുക്കുന്നത്.
വ്യാഴാഴ്ചയാണ് ഇരുവരും മോദി മന്ത്രിസഭയിലെ അംഗങ്ങളായി സത്യപ്രതിജ്ഞ ചെയ്തത്. ഗുജറാത്തിലെ ഗാന്ധിനഗറില്‍നിന്നുള്ള എം പിയാണ് അമിത് ഷാ. ജി കിഷന്‍ റെഡ്ഡി, നിത്യാനന്ദ് റായി എന്നിവരാണ് ആഭ്യന്തര വകുപ്പിലെ സഹമന്ത്രിമാര്‍.
ഉത്തര്‍പ്രദേശിലെ ലഖ്നൗവില്‍നിന്നുള്ള എം പിയാണ് രാജ്നാഥ് സിങ്. ഒന്നാം മോദി മന്ത്രിസഭയിലെ ആഭ്യന്തരമന്ത്രിയായിരുന്ന രാജ്നാഥ് സിങ്ങിന് ഇക്കുറി പ്രതിരോധവകുപ്പാണ് ലഭിച്ചിരിക്കുന്നത്.
ഇതേ സമയം നിര്‍മ്മലാ സീതാരാമന്‍ അമിത് ഷായുമായി കൂടിക്കാഴ്ച നടത്തിയേക്കും എന്നു സംബന്ധിച്ച വാര്‍ത്തയും പുറത്തു വരുന്നുണ്ട്.