ഡൽഹി: വിവിധ സംസ്ഥാനങ്ങളിലുള്ളവർ പരസ്പരം ഇംഗ്ലീഷിലല്ല, പകരം ഹിന്ദിയിലാണ് സംസാരിക്കേണ്ടതെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ.പാർലമെന്ററി ഒഫീഷ്യൽ ലാംഗ്വേജ് കമ്മിറ്റിയുടെ 37ാമത് മീറ്റിങ്ങിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അമിത് ഷാ. കമ്മിറ്റിയുടെ ചെയർമാൻ കൂടിയാണ് ഷാ.
“സർക്കാർ പ്രവർത്തിക്കുന്നത് ഏത് ഭാഷയിലാണോ അതാണ് ഔദ്യോഗിക ഭാഷയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കിയിട്ടുണ്ട്. ഇത് ഹിന്ദിയുടെ പ്രാധാന്യം തീർച്ചയായും വർധിപ്പിക്കും.ഔദ്യോഗിക ഭാഷ, രാജ്യത്തിന്റെ ഐക്യത്തിന്റെ ഭാഗമാകേണ്ട സമയം ഇപ്പോൾ വന്നിരിക്കുകയാണ്.മറ്റ് ഭാഷകൾ സംസാരിക്കുന്ന, വിവിധ സംസ്ഥാനങ്ങളിലുള്ളവർ പരസ്പരം സംവദിക്കുമ്പോൾ, അത് ഇന്ത്യയുടെ ഭാഷയിൽ തന്നെയായിരിക്കണം. ഹിന്ദിയിലായിരിക്കണം, ഇംഗ്ലീഷിലാവരുത്,” അമിത് ഷാ പറഞ്ഞു.
ഇംഗ്ലീഷിന് ബദലായി ഉപയോഗിക്കേണ്ടത് പ്രാദേശിക ഭാഷകളല്ല, ഹിന്ദിയാണെന്നും ഇതിന് വേണ്ടി മറ്റ് പ്രാദേശിക ഭാഷകളിൽ നിന്നും ഹിന്ദിയിലേക്ക് വാക്കുകൾ കടമെടുത്ത് ഹിന്ദിയെ കൂടുതൽ ഫ്‌ളെക്‌സിബിൾ ആക്കണമെന്നും ഷാ കൂട്ടിച്ചേർത്തു.ഒമ്പതാം ക്ലാസ് വരെയുള്ള കുട്ടികൾക്ക് ഹിന്ദി പഠിപ്പിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും ഹിന്ദി പരീക്ഷകൾക്ക് കൂടുതൽ ശ്രദ്ധയും ഊന്നലും നൽകേണ്ടതിനെക്കുറിച്ചും ആഭ്യന്തര മന്ത്രി സംസാരിച്ചു.ബി.ജെ.ഡി നേതാവ് ബി. മഹ്താബ് ആണ് പാർലമെന്ററി ഒഫീഷ്യൽ ലാംഗ്വേജ് കമ്മിറ്റിയുടെ വൈസ് ചെയർമാൻ.