കൊച്ചി : കേരളത്തിലെ സാഹചര്യം ഗുരുതരമെന്ന് സംസ്ഥാനത്തെ പ്രളയക്കെടുതികള്‍ നേരിട്ട് വിലയിരുത്താന്‍ എത്തിയ കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗ്. കേരളത്തിന് കേന്ദ്രത്തിന്റെ എല്ലാ പിന്തുണയുണ്ടാകുമെന്നും അദ്ദേഹം അറിയിച്ചു.
സംസ്ഥാന സര്‍ക്കാര്‍ മികച്ച രീതിയിലാണ് സാഹചര്യത്തെ നേരിടുന്നതെന്നും കേന്ദ്ര മന്ത്രി രാജ്‌നാഥ് സിംഗ് പറഞ്ഞു. എറണാകുളത്തെ ദുരന്ത ബാധിത പ്രദേശങ്ങള്‍ മന്ത്രി സന്ദര്‍ശിച്ചു.
സര്‍ക്കാരിന്റെ എല്ലാ സഹായവും ഉണ്ടാകുമെന്ന് മുഖ്യമന്ത്രിയും വ്യക്തമാക്കി.
മുഖ്യമന്ത്രി പിണറായി വിജയന്‍, കേന്ദ്രസഹമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം, റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരന്‍, കൃഷി വകുപ്പ് മന്ത്രി വി എസ് സുനില്‍കുമാര്‍, ജലവിഭവ വകുപ്പ് മന്ത്രി മാത്യു ടി തോമസ്, ചീഫ് സെക്രട്ടറി ടോം ജോസ്,അഡീഷണല്‍ ചീഫ് സെക്രട്ടറി പി എച്ച് കുര്യന്‍ എന്നിവരും കേന്ദ്രമന്ത്രിയുടെ കൂടെയുണ്ടായിരുന്നു.
ഹെലികോപ്റ്ററില്‍ ചെറുതോണി, ഇടുക്കി ഡാം, പരിസരപ്രദേശങ്ങള്‍, തടിയമ്പാട്, അടിമാലി, മണ്ണിടിച്ചിലുണ്ടായ പ്രദേശങ്ങള്‍, ആലുവ, പറവൂര്‍ താലൂക്കുകളിലെ പ്രളയബാധിത പ്രദേശങ്ങള്‍ എന്നിവയും അദ്ദേഹം സന്ദര്‍ശിച്ചു.
സന്ദർശനത്തിന് ശേഷം കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലെ ഗോൾഫ് ഹൗസിൽ രാജ്നാഥ് സിംഗ് മുഖ്യമന്ത്രിയുമായും മന്ത്രിമാരുമായും കൂടിക്കാഴ്ച നടത്തി. മന്ത്രിമാരായ ഇ. ചന്ദ്രശേഖരൻ, ജി. സുധാകരൻ, വി.എസ്. സുനിൽകുമാർ, എം.എം. മണി, മാത്യു ടി. തോമസ് എന്നിവർ പങ്കെടുത്തു.