ഇന്ത്യ-പാക് അതിര്‍ത്തിക്ക് പകരം സ്പെയിന്‍- മൊറോക്കോ, പുലിവാല് പിടിച്ച് കേന്ദ്രം

ന്യൂഡല്‍ഹി: കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ വാര്‍ഷിക റിപ്പോര്‍ട്ടില്‍ അതിര്‍ത്തിയിലെ ചിത്രം മാറിപ്പോയതു വിവാദമായി. ഇന്ത്യ പാക്കിസ്ഥാന്‍ അതിര്‍ത്തിയില്‍ ഇന്ത്യ സ്ഥാപിച്ച ഫ്ളഡ് ലൈറ്റുകളുടെ രാത്രികാല ചിത്രമാണു വിവാദം സൃഷ്ടിച്ചത്. ഇന്ത്യ-പാകിസ്ഥാന്‍ അതിര്‍ത്തി ഫ്ലഡ്ലൈറ്റുകള്‍ തെളിച്ച് സംരക്ഷിക്കുന്നെന്നതിന് തെളിവായി ആഭ്യന്തരമന്ത്രാലയത്തിന്റെ വാര്‍ഷിക റിപ്പോര്‍ട്ടിലുള്ളത് വെളിച്ചത്തില്‍ കുളിച്ചുനില്‍ക്കുന്ന സ്പെയിന്‍- മൊറോക്കോ അതിര്‍ത്തിയുടെ ചിത്രം.

മന്ത്രാലയസെക്രട്ടറി രാജീവ് മെഹ്റിഷി അതിര്‍ത്തി രക്ഷാസേനയോട് വിശദീകരണം തേടി. സംഭവം വിവാദമായതോടെ ആഭ്യന്തരമന്ത്രാലായം അന്വേഷണത്തിന് ഉത്തരവിട്ടു. മന്ത്രാലയത്തിന്റെ ഭാഗത്തു നിന്നുവന്ന അബദ്ധമാണെങ്കില്‍ ക്ഷമ ചോദിക്കുമെന്നും മെഹര്‍ഷി പറഞ്ഞു. വാര്‍ഷിക റിപ്പോര്‍ട്ടിന്റെ 40-ാം പേജിലാണു വിവാദ ചിത്രം ഉള്‍പ്പെടുത്തിയിരിക്കുന്നത്.

ഭീകരരെയും അനധികൃതകുടിയേറ്റക്കാരെയും തടയുന്നതിന് പാകിസ്താനുമായുള്ള 647 കിലോമീറ്റര്‍ അതിര്‍ത്തിയില്‍ ഫ്ലഡ്ലൈറ്റുകള്‍ തെളിയിക്കാറുണ്ടെന്നാണ് സര്‍ക്കാര്‍ പറയുന്നത്. ഇതിന് തെളിവായി നല്‍കിയചിത്രമാണ് വിവാദമായത്. 2006-ല്‍ സ്പാനിഷ് ഫോട്ടോഗ്രാഫര്‍ ഹാവിര്‍ മൊയാനോ എടുത്ത ചിത്രമാണിത്. സ്പെയിനിന്റെ മൊറോക്കന്‍ അതിര്‍ത്തിയില്‍ വേലികെട്ടി ഫ്ലഡ്ലൈറ്റ് സ്ഫാപിച്ചിട്ടുണ്ട്. ഈ ചിത്രം നേരത്തേ വ്യാപകമായി ഇന്റനെറ്റില്‍ പ്രചരിച്ചിരുന്നു. എവിടെനിന്നാണ് ഈ ചിത്രം കിട്ടയതെന്ന് ആഭ്യന്തരമന്ത്രാലയം ബി.എസ്.എഫിനോട് അന്വേഷിച്ചിട്ടുണ്ട്. ഉത്തരമില്ലാതെ ഇരുട്ടില്‍ത്തപ്പുകയാണ് ബി.എസ്.എഫ്.

കേന്ദ്ര റിപ്പോര്‍ട്ടിലെ അബദ്ധം സമൂഹമാധ്യമങ്ങള്‍ ഏറ്റെടുത്തു. പാക്ക് ഭീകരരുടെ നുഴഞ്ഞുകയറ്റം തടയാന്‍ 2043.76 കിലോമീറ്റര്‍ നീളത്തില്‍ ഫ്‌ളഡ് ലൈറ്റ് സ്ഥാപിക്കാനാണു കേന്ദ്രം തീരുമാനിച്ചിരുന്നത്.

ജമ്മു കശ്മീര്‍, പഞ്ചാബ്, രാജസ്ഥാന്‍, ഗുജറാത്ത് സംസ്ഥാനങ്ങളിലായാണു പാക്കിസ്ഥാനുമായി ഇന്ത്യ അതിര്‍ത്തി പങ്കിടുന്നത്. എല്‍ഇഡി ബള്‍ബുകളാണ് പദ്ധതിക്കു ഉപയോഗിക്കുകയെന്നും സര്‍ക്കാര്‍ പറഞ്ഞിരുന്നു. 1943.76 കിലോമീറ്റര്‍ പ്രദേശത്ത് വിളക്കുകള്‍ സ്ഥാപിച്ചതായി റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതിനു തെളിവായി റിപ്പോര്‍ട്ടില്‍ ചേര്‍ത്ത ചിത്രമാണു ആഭ്യന്തര മന്ത്രാലയത്തെ കുഴപ്പത്തിലാക്കിയത്.

Top