ജോധ്പൂർ സംഘർഷം; രാജസ്ഥാൻ സർക്കാരിനോട് റിപ്പോർട്ട് തേടി കേന്ദ്ര ആഭ്യന്തര മന്ത്രാലയം

ഡൽഹി: ജോധ്പൂർ സംഘർഷത്തിൽ രാജസ്ഥാൻ സർക്കാരിനോട് റിപ്പോർട്ട് തേടി കേന്ദ്ര ആഭ്യന്തര മന്ത്രാലയം. സംഘർഷത്തിൽ നൂറിലധികം പേരെ അറസ്റ്റ് ചെയ്തായി രാജസ്ഥാൻ പൊലീസ് അറിയിച്ചു. സംഘർഷത്തിൽ 13 എഫ്ഐആർ രജിസ്റ്റർ ചെയ്തു. ഉദയ് മന്ദി‍ർ, നഗോരി ഗെയ്റ്റ് ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ കർഫ്യൂ തുടരുകയാണ്. സംഘർഷ സാഹചര്യം കണക്കിലെടുത്ത് പ്രദേശത്ത് ഇൻറർനെറ്റ് നിരോധനവും തുടരുന്നുണ്ട്. സ്ഥിതി നിയന്ത്രണവിധേയമാണെന്നും മതിയായ പൊലീസ് വിന്യാസം പ്രദേശത്ത് നടത്തിയിട്ടുണ്ടെന്നും ജോധ്പ്പൂർ കമ്മീഷണർ പറഞ്ഞു.

അതേസമയം, രാജസ്ഥാനിലെ ജോധ്പൂരിൽ മതചിഹ്നങ്ങളുള്ള പതാക ഉയർത്തുന്നതുമായി ബന്ധപ്പെട്ട് രണ്ട് വിഭാഗങ്ങൾ തമ്മിലുണ്ടായ സംഘർഷത്തിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്നാരോപിച്ച് കേന്ദ്രമന്ത്രി ഗജേന്ദ്ര ശെഖാവത്ത് രംഗത്തെത്തി. രാജസ്ഥാനിൽ ക്രമസമാധാനനില തകർന്നുവെന്നാരോപിച്ച മന്ത്രി, സംഭവത്തിൽ കൃത്യമായ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ടു. അന്വേഷണവും നടപടിയും ഉണ്ടായില്ലെങ്കിൽ വലിയ പ്രക്ഷോഭമുണ്ടാകുമെന്നും കേന്ദ്രമന്ത്രി മുന്നറിയിപ്പ് നൽകി.

Top