അയോധ്യയില്‍ അതിവേഗം ബഹുദൂരം; ക്ഷേത്രം നിര്‍മ്മിക്കാനുള്ള ട്രസ്റ്റ് സംഘടിപ്പിക്കാന്‍ നീക്കം

യോധ്യ ഭൂമി തര്‍ക്കത്തില്‍ അന്തിമവിധി പുറപ്പെടുവിച്ച് ദിവസങ്ങള്‍ പിന്നിടുമ്പോള്‍ ആഭ്യന്തര മന്ത്രാലയം അതിവേഗം നീങ്ങുന്നതായി റിപ്പോര്‍ട്ട്. രാമക്ഷേത്രം നിര്‍മ്മിക്കാനുള്ള ട്രസ്റ്റ് രൂപീകരിക്കാനുള്ള നടപടികളാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഒരുങ്ങുന്നത്. അയോധ്യ തര്‍ക്കത്തില്‍ സുപ്രീംകോടതി നവംബര്‍ 9ന് പുറപ്പെടുവിച്ച ചരിത്ര പ്രാധാന്യമുള്ള വിധിയില്‍ മന്ത്രാലയത്തിലെ വിദഗ്ധര്‍ നിയമപരമായ വിഷയങ്ങള്‍ പഠിച്ച് വരികയാണെന്നാണ് സൂചന.

സുപ്രീംകോടതി വിധി പ്രകാരം ട്രസ്റ്റ് രൂപീകരിക്കാനുള്ള നടപടികള്‍ മന്ത്രാലയം ആരംഭിച്ചെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. 70 വര്‍ഷം നീണ്ട നിയമപോരാട്ടത്തിനാണ് സുപ്രീംകോടതി ശനിയാഴ്ച അന്ത്യംകുറിച്ചത്. 1992 വരെ ബാബറി മസ്ജിദ് നിലനിന്ന അയോധ്യ ഭൂമിയുടെ പേരിലുള്ള തര്‍ക്കത്തിനാണ് ഇതോടെ അവസാനമായത്.

ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിയുടെ നേതൃത്വത്തിലുള്ള അഞ്ചംഗ ഭരണഘടനാ ബെഞ്ച് രാം ലല്ലയ്ക്ക് അനുകൂലമായാണ് വിധി പുറപ്പെടുവിച്ചത്. തര്‍ക്കത്തില്‍ കിടന്ന 2.7 ഏക്കര്‍ ഭൂമി സര്‍ക്കാര്‍ രൂപീകരിക്കുന്ന ട്രസ്റ്റിന് കൈമാറാനാണ് കോടതി നിര്‍ദ്ദേശം നല്‍കിയത്. അയോധ്യയിലെ രാമക്ഷേത്ര നിര്‍മ്മാണം ഈ ട്രസ്റ്റിന്റെ മേല്‍നോട്ടത്തിലാണ് നടത്തുക.

അയോധ്യയില്‍ തന്നെ പള്ളി നിര്‍മ്മിക്കാനായി അഞ്ച് ഏക്കര്‍ ഭൂമി സുന്നി വഖഫ് ബോര്‍ഡിന് നല്‍കാനും കോടതി ഉത്തരവിട്ടിട്ടുണ്ട്. ഇതിന് മുന്നോടിയായി ആഭ്യന്തര മന്ത്രാലയം 1045 പേജ് വരുന്ന വിധി പഠിച്ച് വരികയാണെന്ന് റിപ്പോര്‍ട്ടുകള്‍ കൂട്ടിച്ചേര്‍ത്തു. അറ്റോണി ജനറലില്‍ നിന്നും മന്ത്രാലയം നിയമോപദേശം തേടിയിട്ടുണ്ട്.

Top