അടുത്തിടെ മലയാള സിനിമയില്‍ തരംഗമായി മാറിയ കുടുബ ചിത്രം ഹോം ബോളിവുഡിലേക്ക്. ഇന്ദ്രന്‍സ് പ്രധാനവേഷത്തിലെത്തിയ ചിത്രം ഇന്ത്യയിലെ പ്രമുഖ നിര്‍മാണക്കമ്പനിയായ അബന്‍ടന്‍ഷ്യ എന്റര്‍ടെയ്ന്‍മെന്റും ഫ്രൈഡേ ഫിലിംസും ചേര്‍ന്നാണ് ചിത്രം ഹിന്ദിയില്‍ നിര്‍മിക്കുക. വിജയ് ബാബുവിന്റെ ഉടമസ്ഥതയിലുള്ള ഫ്രൈഡേ ഫിലിംസിന്റെ ആദ്യ ബോളിവുഡ് പ്രോജക്ട് കൂടിയാകും ഈ ചിത്രം.
വിദ്യാബാലന്‍ നായികയായ ഷെര്‍ണി, ശകുന്തള ദേവി, എയര്‍ലിഫ്റ്റ്, ടോയ്ലറ്റ് ഏക് പ്രേം കഥ, ഷെഫ്, നൂര്‍, ബ്രീത്, ബ്രീത് ഇന്‍ടു ദി ഷാഡോസ് തുടങ്ങിയ ചിത്രങ്ങളും സീരീസുകളും നിര്‍മിച്ചത് അബന്‍ടന്‍ഷ്യ എന്റര്‍ടെയ്ന്‍മെന്റ് ആണ്. വിജയ് ബാബു നിര്‍മിച്ച അങ്കമാലി ഡയറീസിന്റെ ഹിന്ദി റീമേക്ക് സ്വന്തമാക്കിയതും ഇതേ കമ്പനിയാണ്.
‘ഹോം പോലെ മനോഹരവും പ്രസക്തവുമായ ഒരു സിനിമ പുനര്‍നിര്‍മ്മിക്കാനുള്ള അവസരത്തില്‍ ഞങ്ങള്‍ സന്തുഷ്ടരാണ്. ഇന്ന് നമ്മള്‍ ജീവിക്കുന്ന ലോകത്തെ സംബന്ധിച്ചിടത്തോളം പ്രസക്തവും രസകരവുമായ പ്രസ്താവനയാണ് ഈ സിനിമ. അബന്‍ടന്‍ഷ്യ എന്റര്‍ടെയ്ന്‍മെന്റ് എല്ലായ്‌പ്പോഴും അര്‍ഥവത്തായ കഥകള്‍ പറയുന്നതിലും അവയെ ഹൃദയസ്പര്‍ശിയായ വിനോദവുമായി സംയോജിപ്പിക്കുന്നതിലും വിശ്വസിക്കുന്നു. ഹോമിന്റെ ഹിന്ദി റീമേക്കും ആ യാത്രയുടെ മറ്റൊരു ഘട്ടമാണ്. ഫ്രൈഡേ ഫിലിം ഹൗസില്‍ ഞങ്ങളുടെ കാഴ്ചപ്പാടും സംവേദനക്ഷമതയും പങ്കിടുന്ന സഹകാരികളുണ്ട്. അങ്കമാലി ഡയറീസിന്റെ പുനര്‍നിര്‍മാണത്തിന് ശേഷം അവരുമായി വീണ്ടും കൈകോര്‍ക്കുന്നതില്‍ ഞാന്‍ സന്തുഷ്ടനാണ്.’ എന്ന് അബന്‍ടന്‍ഷ്യ എന്റര്‍ടെയ്ന്‍മെന്റ് സ്ഥാപകനും സിഇഒയുമായ വിക്രം മല്‍ഹോത്ര പറയുന്നു.
‘ഹോം ബന്ധങ്ങളെക്കുറിച്ചും ഡിജിറ്റല്‍ യുഗത്തില്‍ അവ എങ്ങനെ വികസിക്കുന്നുവെന്നും സംസാരിക്കുന്നു. ഇത് ഒരു സാര്‍വത്രിക വിഷയമാണ്. ഈ സിനിമ ഇപ്പോള്‍ ഹിന്ദി റിമേക്കിലൂടെ പാന്‍ -ഇന്ത്യ പ്രേക്ഷകര്‍ക്ക് കൂടി ആസ്വദിക്കാന്‍ ആകുന്നതില്‍ എനിക്ക് അതിയായ സന്തോഷമുണ്ട്. അങ്കമാലി ഡയറീസിന്റെ ഹിന്ദി റീമേക്കില്‍ അബന്‍ടന്‍ഷ്യ എന്റര്‍ടെയ്ന്‍മെന്റ് സഹകരിച്ചതിനാല്‍ ഞങ്ങളുടെ സിനിമയെ പുതിയ ഉയരങ്ങളിലേക്ക് കൊണ്ടുപോകാനുള്ള അവരുടെ കഴിവില്‍ ഞങ്ങള്‍ വിശ്വസിക്കുന്നു. വിക്രമിനോടും സംഘത്തോടും വീണ്ടും പങ്കുചേരുന്നതില്‍ ഞാന്‍ സന്തോഷിക്കുന്നു.’ എന്ന് നടനും നിര്‍മാതാവും ഫ്രൈഡേ ഫിലിം ഹൗസിന്റെ സ്ഥാപകനുമായ വിജയ് ബാബു അറിയിച്ചു.
ഇന്ദ്രന്‍സ്, മഞ്ജു പിള്ള, ശ്രീനാഥ് ഭാസി, നസ്ലിന്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രം സംവിധാനം ചെയ്തത് റോജിന്‍ തോമസാണ്. ആമസോണ്‍ പ്രൈമിലൂടെ റിലീസിനെത്തിയ ചിത്രം വന്‍ ജനപ്രീതിയാണ് നേടിയത്.