പെരുമ്പെട്ടി: ഹോം നഴ്‌സായി വീടുകളില്‍ ജോലി ചെയ്ത് വീട്ടുകാരുടെ വിശ്വാസം നേടി സ്വര്‍ണവും പണവും തട്ടിയെടുത്ത കേസില്‍ സ്ത്രീ പിടിയില്‍. തിരുവനന്തപുരം പാറശാല കാരക്കോണം മേടയില്‍ വീട്ടില്‍ ഇ.എസ്. ജയ (47)യെ പൊലീസ് അറസ്റ്റ് ചെയ്തു. 2017-19 കാലയളവില്‍ പെരുമ്പെട്ടി സ്വദേശിയുടെ വീട്ടില്‍ പ്രായമായ മാതാപിതാക്കളെ പരിചരിക്കാന്‍ ഹോം നഴ്‌സായി ജോലി ചെയ്ത്, ഇവിടെ നിന്ന് 26 ലക്ഷം രൂപയും 26 പവന്‍ സ്വര്‍ണാഭരണങ്ങളും തട്ടിയെടുത്ത കേസിലാണ് ജയ പിടിയിലായത്.
കൃത്യത്തിന് ശേഷം ഒളിവില്‍ പോയ പ്രതി സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ വ്യത്യസ്ത വിലാസങ്ങളില്‍ താമസിച്ചു വരുകയായിരുന്നു. മറ്റിടങ്ങളിലും സമാന രീതിയിലുള്ള തട്ടിപ്പ് ഇവര്‍ നടത്തിയതായി പൊലീസ് പറഞ്ഞു. പ്രതിയെ കോടതി റിമാന്‍ഡ് ചെയ്തു.
ജില്ലാ പൊലീസ് മേധാവി ആര്‍. നിശാന്തിനിക്ക് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ പെരുമ്പെട്ടി എസ്എച്ച്ഒ എസ്. ചന്ദ്രദാസിന്റെ നേതൃത്വത്തില്‍ എസ്‌ഐ എ.അനീഷ്, സിപിഒ മാരായ ജോണ്‍സണ്‍ പി. ശാമുവേല്‍, സ്മിത കെ. ദാസ് എന്നിവര്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.