വയോധികയെ വടി കൊണ്ട് ഉപദ്രവിക്കുന്ന ദൃശ്യങ്ങൾ പുറത്ത്; ഹോം നഴ്‌സ് അറസ്റ്റില്‍

മാവേലിക്കര: വയോധികയായ വീട്ടമ്മയ്ക്കു പരുക്കേറ്റതു ഹോം നഴ്‌സിന്റെ മര്‍ദനം മൂലമെന്നു 20 ദിവസത്തിനു ശേഷം കണ്ടെത്തി. ഹോം നഴ്‌സിനെ പൊലീസ് അറസ്റ്റ് ചെയ്തു. ചെട്ടികുളങ്ങര കൈതവടക്ക് കളീക്കല്‍ വിജയമ്മയെ (78) മര്‍ദിച്ചതിനു ഹോം നഴ്‌സായ ഇടുക്കി കട്ടപ്പന മത്തായിപ്പാറ ചെമ്പനാല്‍ ഫിലോമിനയെ (55) യാണു പൊലീസ് അറസ്റ്റ് ചെയ്തത്.

വിജയമ്മയ്ക്ക് വീണു പരുക്കേറ്റതായി ഫിലോമിന കഴിഞ്ഞ ഫെബ്രുവരി 20നു വിജയമ്മയുടെ മകനെ അറിയിച്ചു. തുടര്‍ന്നു വിജയമ്മയെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തുടയെല്ല് പൊട്ടിയിട്ടുണ്ടെന്നും പരുക്ക് വീണുണ്ടായതല്ലെന്നും ആശുപത്രി അധികൃതര്‍ സൂചിപ്പിച്ചതിനെ തുടര്‍ന്നു വിജയമ്മയുടെ മകനും ഭാര്യയും വീട്ടിലെ ക്യാമറ ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണു ഫിലോമിന വടി കൊണ്ടു അടിക്കുന്നതും കുത്തുന്നതും കണ്ടെത്തിയത്.

ഫിലോമിന കമ്പ് കൊണ്ടു മാലിന്യമെടുത്തു വിജയമ്മയുടെ വായിലേക്ക് വയ്ക്കുന്നത് ദൃശ്യങ്ങളില്‍ വ്യക്തമാണ്. ക്യാമറ ദൃശ്യങ്ങള്‍ സഹിതം ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്.

Top