ക്വറന്റൈന്‍ സീല്‍ പതിപ്പിച്ച നാലുപേര്‍ ട്രെയിനില്‍; അധികൃതരെ അറിയിച്ച് സഹയാത്രികര്‍

മുംബൈ: കൊറോണ പ്രതിരോധ നടപടികളുടെ ഭാഗമായി വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയാന്‍ നിര്‍ദ്ദേശിച്ച നാലുപേര്‍ വീടുവിട്ടിറങ്ങി ട്രെയിനില്‍ കയറിയാത്ര ചെയ്തു. മുംബൈ-ഡല്‍ഹി ഗരീബ്‌രഥ് ട്രെയിനിലാണ് ക്വാറന്റൈന്‍ സീല്‍ പതിപ്പിച്ച ഇവരെ കണ്ടെത്തിയത്.

ട്രെയിന്‍ മുംബൈയില്‍ നിന്ന് പുറപ്പെട്ട് ഒരു മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ കയ്യില്‍ ക്വാറന്റൈന്‍ മുദ്ര പതിപ്പിച്ച നാലുപേരെ കുറിച്ചുള്ള വിവരം സഹയാത്രികര്‍ അധികൃതരെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് ട്രെയിന്‍ പാല്‍ഗഢില്‍ എത്തിയപ്പോള്‍ ജി 4, ജി 5 കോച്ചുകളില്‍ സഞ്ചരിച്ച നാലുപേരെയും മെഡിക്കല്‍ സംഘത്തിന് കൈമാറുകയായിരുന്നു.

ജര്‍മനിയില്‍ നിന്ന് എത്തിയതിന് പിന്നാലെയാണ് ഇവരോട് വീടുകളില്‍ കഴിയാന്‍ അധികൃതര്‍ നിര്‍ദ്ദേശിച്ചത്. 14 ദിവസം വീടുകളില്‍ കഴിയണമെന്ന നിര്‍ദ്ദേശം മറികടന്ന് ഇവര്‍ സൂറത്തിലേക്ക് പോകാന്‍ ശ്രമിക്കുന്നതിനിടെയാണ് പിടിയിലായത്. എന്നാല്‍ ആരോഗ്യപ്രവര്‍ത്തകരുടെ കണ്ണുവെട്ടിച്ച് ഇവര്‍ എങ്ങനെ റെയില്‍വേ സ്റ്റേഷനില്‍ എത്തിയെന്നും ട്രെയിനില്‍ കയറിയെന്നും വ്യക്തമല്ല.

Top