ന്യൂഡല്‍ഹി: പൗരത്വനിയമഭേദഗതി വിഷയത്തെച്ചൊല്ലിയുള്ള കലാപം പൊട്ടിപ്പുറപ്പെട്ട ഡല്‍ഹിയില്‍ സ്ഥിതിഗതികള്‍ കൂടുതല്‍ മോശമാകുമ്പോള്‍ വീണ്ടും ഉന്നതതല യോഗം വിളിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. 24 മണിക്കൂറിനുള്ളിലാണ് അമിത്ഷാ മൂന്നാമത്തെ യോഗം വിളിച്ച് ചേര്‍ത്തത്.
മൂന്ന് മണിക്കൂറോളം നീണ്ട യോഗത്തില്‍ പുതിയതായി നിയമിച്ച സ്‌പെഷ്യല്‍ ഡല്‍ഹി കമ്മീഷണര്‍ എസ്.എന്‍.ശ്രീവാസ്തവയും പങ്കെടുത്തു. നേരത്തെ, ഡല്‍ഹിയിലെ സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമെന്നാണ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ തന്നെ അവകാശപ്പെട്ടിരുന്നു. കലാപം നിയന്ത്രിക്കാന്‍ ആവശ്യത്തിന് സേനയെ പ്രദേശങ്ങളില്‍ വിന്യസിച്ചിട്ടുണ്ടെന്നും ഊഹാപോഹങ്ങള്‍ പ്രചരിപ്പിക്കുന്നത് ഒഴിവാക്കണമെന്നും അദ്ദേഹം അറിയിച്ചിരുന്നു. ആര്‍.എസ്.എസ് നേതാവ് പി.പരമേശ്വരന്റെ അനുസ്മരണ യോഗത്തില്‍ പങ്കെടുക്കാന് അമിത് ഷാ എത്തിച്ചേരേണ്ടതായിരുന്നു. കേന്ദ്ര മന്ത്രിസഭാ യോഗവും ഇന്ന് ചേരുന്നുണ്ട്.