ന്യൂഡല്‍ഹി : പൊതുമേഖലാ സ്ഥാപനങ്ങളുടെ മിച്ചഭൂമി ഏറ്റെടുക്കുന്ന കാര്യം കേന്ദ്ര സര്‍ക്കാര്‍ പരിഗണിക്കുന്നു.
പ്രധാനമന്ത്രിയുടെ ചെലവുകുറഞ്ഞ ഭവന പദ്ധതി പ്രകാരം ഈ ഭൂമികളില്‍ ദുര്‍ബല ജനവിഭാഗങ്ങള്‍ക്ക് ഭവന പദ്ധതികളും ടൗണ്‍ഷിപ്പുകളും നിര്‍മ്മിക്കുന്നത് ആലോചനയിലുണ്ടെന്ന് ഭവനനഗരകാര്യ മന്ത്രാലയ സെക്രട്ടറി ദുര്‍ഗാ ശങ്കര്‍ മിശ്ര പറഞ്ഞു.
2022-ഓടെ എല്ലാവര്‍ക്കും വീട് എന്ന ലക്ഷ്യം നേടാനാണ് കേന്ദ്ര സര്‍ക്കാര്‍ പുതിയ പദ്ധതികളുമായി നീങ്ങുന്നത്.
മാത്രമല്ല, സംസ്ഥാന പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കു കീഴിലെ ലഭ്യമായ ഭൂമി ഏറ്റെടുക്കാന്‍ സംസ്ഥാന സര്‍ക്കാരുകളെയും കേന്ദ്ര ഭരണ പ്രദേശങ്ങളെയും പ്രേരിപ്പിക്കുന്നതിന് കേന്ദ്ര സര്‍ക്കാര്‍ ശ്രമിച്ചുവരികയാണ്.
കൂടാതെ, ലോകത്തെ ഏറ്റവും നൂതനമായ നിര്‍മ്മാണ സാങ്കേതികവിദ്യകള്‍ ഇന്ത്യയില്‍ ഉപയോഗിക്കുന്നതിനും കേന്ദ്ര സര്‍ക്കാര്‍ ശ്രമം നടത്തുന്നു. അങ്ങനെയെങ്കില്‍ ഇത്തരം ചെലവുകുറഞ്ഞ വീടുകളുടെ നിര്‍മ്മാണം വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ കഴിയും.
2018 മാര്‍ച്ചിനുശേഷം കണ്‍സ്ട്രക്ഷന്‍ പ്ലാനുകള്‍ക്ക് അനുമതി ലഭിക്കുന്നതില്‍ റിയല്‍റ്റി ഡെവലപ്പര്‍മാര്‍ പ്രയാസങ്ങള്‍ നേരിടേണ്ടിവരില്ലെന്നും മിശ്ര ഉറപ്പുനല്‍കി.
ചെലവുകുറഞ്ഞ ഭവന പദ്ധതികള്‍ ഉള്‍പ്പെടെ കേന്ദ്ര സര്‍ക്കാരിന്റെ വിവിധ പദ്ധതികള്‍ക്ക് അകമഴിഞ്ഞ സഹകരണം ഉണ്ടാകണമെന്ന് ചടങ്ങില്‍ ധനകാര്യ സഹമന്ത്രി അര്‍ജുന്‍ റാം മേഘ്‌വാള്‍ ബില്‍ഡര്‍മാരോട് അഭ്യര്‍ത്ഥിച്ചു.