സ്വവർ​ഗാനുരാ​ഗം ക്രിമിനൽ കുറ്റം; നിമയം പാസാക്കി ഉ​ഗാണ്ട പാർലമെന്റ്

കംപാല: സ്വവർഗാനുരാ​ഗം ക്രിമിനൽ കുറ്റമാക്കി ഉഗാണ്ട പാർലമെന്റ്. ഈ നിയമ പ്രകാരം സ്വവർ​ഗാനുരാ​ഗികളായോ ലൈം​ഗിക ന്യൂനപക്ഷമായോ ജീവിക്കുന്നത് ക്രിമിനൽ കുറ്റമാണ്. ഉ​ഗാണ്ട ഉൾപ്പെടെ 30ഓളം ആഫ്രിക്കൻ രാജ്യങ്ങളിൽ സ്വവർ​ഗ രതി നേരത്തെ നിരോധിച്ചിട്ടുണ്ട്. ലെസ്ബിയൻ, ഗേ, ബൈസെക്ഷ്വൽ, ട്രാൻസ്‌ജെൻഡർ, ക്വീർ (എൽജിബിടിക്യു) എന്നിവരെ നിയമവിരുദ്ധമാക്കുന്ന ആദ്യ നിയമമാണ് പുതിയ നിയമം.

പാർലമെന്റിൽ വലിയ പിന്തുണയോടെയാണ് ബിൽ ചൊവ്വാഴ്ച പാസായത്. എന്നാൽ പ്രിസിഡന്റ് ഒപ്പുവെക്കുന്നതോടെ മാത്രമേ ബിൽ നിയമമാകൂ. അതേസമയം, ബില്ലിനോട് പ്രസിഡന്റിന് എതിർപ്പ് പ്രകടിപ്പിക്കുകയും ചെയ്യാം. സ്വവർഗാനുരാഗികളെക്കുറിച്ച് കുടുംബാംഗങ്ങൾക്കോ അടുത്ത സുഹൃത്തുക്കൾക്കോ വിവരം ലഭിച്ചാൽ അക്കാര്യം അധികൃതരെ അറിയിക്കണം. കുട്ടികളെ സ്വവർഗലൈംഗികതയ്ക്ക് പ്രേരിപ്പിക്കുകയോ അതിനുവേണ്ടി കടത്തിക്കൊണ്ടു പോകുകയോ ചെയ്യുന്നവർക്ക് ജീവപര്യന്തം തടവുശിക്ഷ നൽകാനും ബിൽ വ്യവസ്ഥചെയ്യുന്നു.

കുട്ടികളുടെ സംരക്ഷണത്തിന് വേണ്ടിയാണ് നിയമം പാസാക്കിയതെന്ന് ജനപ്രതിനിധി ഡേവിഡ് ബാഹത്തി പറഞ്ഞു. ഇത് നമ്മുടെ രാജ്യത്തിന്റെ പരമാധികാരമാണ്. ഇതിനെ ആരും ചോദ്യം ചെയ്യരുത്. ഭയപ്പെടുത്തരുത്. ബിൽ ഒപ്പ് വെക്കുന്നതിനായി പ്രസിഡന്റ് യോവേരി മുസെവേനിക്ക് അയയ്ക്കുമെന്നും ഡേവിഡ് ബാഹത്തി പറഞ്ഞു.

Top